അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിന് കീഴിൽ സംഘടിപ്പിച്ച ഓണസദ്യ അധ്യാപകരുടെ പാചക മികവിനാൽ ശ്രദ്ധേയമായി. അധ്യാപകർ അവരവരുടെ വീടുകളിൽ പാചകം ചെയ്ത വിഭവങ്ങളാണ് ഓണസദ്യയിൽ ഉൾപ്പെടുത്തിയത്. അബൂദബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഷാബിയ, അബൂദബി സിറ്റി എന്നീ മേഖലകളിലെ അധ്യാപകരാണ് പാചകത്തിൽ പങ്കുചേർന്നത്. ഓണസദ്യയോടനുബന്ധിച്ച് മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, മലയാളം മിഷൻ അബൂദബി ചാപ്റ്റർ ചെയർമാൻ എ.കെ ബീരാൻകുട്ടി, മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, എഴുത്തുകാരൻ വിജയകുമാർ ബ്ലാത്തൂർ എന്നിവർ ആശംസ നേർന്നു.
മലയാളം മിഷൻ വിദ്യാർഥികൾക്കുള്ള കേരളോത്സവം ടിക്കറ്റുകളുടെ വിതരണോദ്ഘാടനം കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ മലയാളം മിഷൻ കെ.എസ്.സി മേഖല കോഓഡിനേറ്റർ പ്രീത നാരായണന് നൽകി നിർവഹിച്ചു. മലയാളം മിഷൻ അബൂദബി ചാപ്റ്റർ സെക്രട്ടറി സി.പി ബിജിത് കുമാർ സ്വാഗതവും കൺവീനർ എ.പി അനിൽ കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.