അബൂദബി സിറ്റി ഗോള്‍ഫ് ക്ലബിലാണ് പരിപാടി അരങ്ങേറുന്നത്
അബൂദബി: മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച വൈകീട്ട് ആറിന് അബൂദബിയില്‍ പൗരസമൂഹത്തെ അഭിസംബോധന ചെയ്യും. അബൂദബി സിറ്റി ഗോള്‍ഫ് ക്ലബ് മൈതാനത്താണ് പരിപാടി. കേരളപ്പിറവിയുടെ 70ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ‘മലയാളോത്സവം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യു.എ.ഇ സഹിഷ്ണുത-സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, എം.എ. യൂസുഫലി, സാംസ്കാരിക മന്ത്രി സജി ചെറിയാന്, കേരള ചീഫ് സെക്രട്ടറി ജയ തിലക് എന്നിവര്‍ സംസാരിക്കും.
ലോക കേരളസഭ, മലയാളം മിഷന്, അബൂദബിയിലെയും അല്‍ ഐനിലെയും അംഗീകൃത പ്രവാസി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കം നടത്തുന്നത്. മുഖ്യമന്ത്രിയെ വരവേല്‍ക്കാന്‍ അബൂദബിയിലെ പ്രവാസികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് സിറ്റി ഗോള്‍ഫ് ക്ലബ് മൈതാനം. പരിപാടിയില്‍ പങ്കെടുക്കാന്‍ അബൂദബി എമിറേറ്റിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് അഡ്വ. അന്‍സാരി സൈനുദ്ദീന്‍, മലയാളം മിഷന് ചെയര്മാന് എ.കെ. ബീരാന് കുട്ടി, കെ.എസ്.സി പ്രസിഡന്റ് മനോജ് ടി.കെ, സംഘാടക സമിതി വൈസ് ചെയര്മാന് ഇ.കെ. സലാം, മലയാളി സമാജം പ്രസിഡന്റ് സലിം ചിറയ്ക്കല്‍, ഐ.എസ്.സി പ്രസിഡന്റ് ജയചന്ദ്രന് നായര്‍, ലോക കേരള സഭാംഗം പത്മനാഭന്, സംഘാടക സമിതി രക്ഷാധികാരി റോയ് വര്‍ഗീസ്, സംഘാടക സമിതി കോഓഡിനേറ്റര്‍ കെ. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.