അബൂദബി: കോവിഡിൽ നിന്ന് മോചിതരായി ഉത്സവ കാലത്തേക്ക് കാലെടുത്തുവെക്കുന്ന യു.എ.ഇയിൽ ഇൗത്തപ്പഴ മഹോത്സവം നടത്തുന്നു. 16-ാമത് ലിവ ഈത്തപ്പഴോത്സവം ജൂലൈ 17 മുതൽ 23 വരെ പശ്ചിമ അബൂദബിയിലെ ലിവയിൽ നടക്കുമെന്ന് എമിറേറ്റ് മീഡിയ ഓഫിസ് അറിയിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശാനുസരണമാണ് കോവിഡ് പ്രതിസന്ധിക്കിടയിലും ലിവ ഈത്തപ്പഴോത്സവം നടക്കുന്നത്.
മൊത്തം 80ലക്ഷം ദിർഹമിെൻറ സമ്മാനങ്ങളാണ് വിജയികൾക്ക് സമ്മാനിക്കുക. നാല് പുതിയ അവാർഡുകളുമായി നടക്കുന്ന ഫെസ്റ്റിവൽ യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് നടക്കുക. ഇമറാത്തികളുടെ പൈതൃക സംസ്കാരങ്ങളെയും പ്രാദേശിക കാർഷിക മേഖലയെയും പിന്തുണക്കുന്ന ഫെസ്റ്റിവലിൽ സന്ദർശകർക്ക് പ്രവേശന നിയന്ത്രണമുണ്ട്. കർഷകർക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് ഈത്തപ്പഴോത്സവ നഗരിയിൽ പ്രവേശനം അനുവദിക്കുക. എന്നാൽ, ഇവരെയെല്ലാം പ്രത്യേകം കോവിഡ്- പരിശോധനക്ക് വിധേയരാക്കും. സാമൂഹിക അകലവും മറ്റു കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈത്തപ്പഴ വിളകളുടെ സൗന്ദര്യ മത്സരങ്ങളും മറ്റും സജ്ജമാക്കുകയെന്നും സംഘാടകർ വെളിപ്പെടുത്തി.
ഇമറാത്തി പാരമ്പര്യത്തനിമ വിളംബരം ചെയ്യുന്ന ഉത്സവത്തിൽ ഒട്ടേറെ പൈതൃക പ്രവർത്തനങ്ങൾ, വിവിധ മത്സരങ്ങൾ, ലേലം എന്നിവ ഇത്തവണയും നടക്കും. കൃഷിക്കാർക്ക് അവരുടെ കാർഷിക വിളകൾ പ്രദർശിപ്പിക്കുന്നതിനും സമ്മാനം നേടുന്നതിനുമുള്ള പ്രധാന വേദിയാണിത്. ഈന്തപ്പനകളുടെ പ്രാധാന്യത്തെക്കുറിച്ച് താമസക്കാർക്കും സന്ദർശകർക്കും അറിയാനുള്ള അവസരമാണ് വർഷന്തോറും പതിനായിരങ്ങളെ ആകർഷിക്കുന്ന ലിവ ഈത്തപ്പഴോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.