ഷാഹു പടിഞ്ഞാറയില്‍ മകന് ഹുമൈദ് റിഷാന് ഷാക്കൊപ്പം
അബൂദബി: മകന്റെ കൃഷിത്തോട്ടം നൂറുമേനി വിളവുമായി സംസ്ഥാന അവാര്‍ഡിലേക്ക് എത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് പ്രവാസിയായ ഈ പിതാവ്. മകന് ഹുമൈദ് റിഷാന് ഷായ്ക്ക് സംസ്ഥാന വിദ്യാര്‍ഥി കര്‍ഷകനുള്ള രണ്ടാം സ്ഥാനം ലഭിക്കുമ്പോള്‍, അതിനു പിന്നിലെ ചാലക ശക്തിയായി നിലകൊണ്ടതും സര്‍വ പിന്തുണയുമായി ചേര്‍ത്തുപിടിച്ചതും അബൂദബിയിലെ ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്ന് പിതാവ് ഷാഹുവാണ്. വളരെ ചെറുപ്പത്തില്‍ തന്നെ മകന് കൃഷിയിലും വളര്‍ത്തുമൃഗ പരിപാലനത്തിലും കമ്പമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവിധ സൗകര്യങ്ങളുമൊരുക്കി നല്‍കുകയായിരുന്നു.
ആദ്യം ചെറിയ രീതിയിലാണ് വീടിന്റെ ടെറസില്‍ കൃഷി ആരംഭിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് വീട്ടിനുള്ളില്‍ തളക്കപ്പെട്ട മക്കളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുകയെന്നതും കുടുംബത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാല്‍, ഹുമൈദ് മുഴു സമയവും കൃഷിയിലേക്ക് ഇറങ്ങിയതോടെ ടെറസിനു പുറത്തേക്കും വ്യാപിച്ചു.
മകന്റെ പ്രയത്നം പങ്കുവെക്കപ്പെടണമെന്ന ലക്ഷ്യത്തോടെ ഷാഹു തന്നെ മുന്‍കൈയെടുത്ത് 'റിച്ചൂസ് വ്ളോഗ് ബൈ ഹുമൈദ്' എന്ന യൂട്യൂബ് ചാനലും തുടങ്ങിക്കൊടുത്തു. വീട്ടുകാര്‍ എടുത്തു നല്കുന്ന വീഡിയോസ് എഡിറ്റ് ചെയ്ത് തുടക്കത്തില്‍ ചാനല്‍ ലൈവാക്കി നിര്‍ത്തിയതും ഈ പിതാവ് ആയിരുന്നു. ഇതിനിടെ ഹുമൈദ് കോഴി, പക്ഷി വളര്‍ത്തലിലേക്കും വിവിധ രീതിയിലുള്ള പരീക്ഷണങ്ങളിലേക്കും തിരിഞ്ഞു. അങ്ങനെയാണ് കോഴികളെ വിരിയിക്കാന്‍ സ്വന്തമായി ഇൻകുബേറ്റര്‍ നിര്‍മിക്കുന്നത്.
കോഴിമുട്ടകള്ക്കൊപ്പം താറാവ് മുട്ടകള്‍ കൂടി വിരിയിച്ചും ഹുമൈദ് മിടുക്കുകാട്ടി. മക്കൾക്ക് നീന്തിക്കളിക്കാന്‍ ഗൾഫിൽ നിന്ന് കൊണ്ടുവന്ന പോണ്ടില്‍ താറാവ് കുഞ്ഞുങ്ങളെ ഇറക്കിയാണ് ഹുമൈദ് സ്നേഹിച്ചു പരിപാലിച്ചത്. പ്രയത്നമൊന്നും വിഫലമായില്ല, എല്ലാം നൂറുമേനി. കഴിഞ്ഞ വര്‍ഷം പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകനായി ഹുമൈദ് തിരഞ്ഞെടുക്കപ്പെട്ടു. മന്ദലാംകുന്ന് ഫിഷറീസ് യു.പി. സ്കൂളിലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള പുരസ്കാരവും ഈ ആറാം ക്ലാസുകാരനെ തേടിയെത്തി.
മന്ദലാംകുന്ന് പാപ്പാളി ബീച്ച് റോഡ് പടിഞ്ഞാറെയില്‍ ഷാഹു-മൈമുന ദമ്പതികളുടെ മകന് ഹുമൈദിന്റെ കൃഷി ഇപ്പോള്‍ പത്ത് സെന്റ് പുരയിടത്തിലും വീടിന്റെ ടെറസിലുമായി വ്യാപിച്ചിരിക്കുകയാണ്. കാബേജ്, കോളി ഫ്ലവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, പടവലം, ഷമാം, തണ്ണിമത്തന്, ചീര, പൊട്ടുവെള്ളരി അങ്ങനെ പോകുന്നു വിളവുകള്‍. ഒപ്പം, അമ്പതോളം കോഴി, താറാവ്, കാട എന്നിവയെയും വളര്‍ത്തുന്നുണ്ട്.
ഷാഹുവിന്റെ മാതാവ് പാത്തുമ്മുവും ഹുമൈദിന്റെ സഹോദരങ്ങളായ മന്ഹ ഫാത്വിമ, മെഹ്നാസ് ഫാത്വിമ എന്നിവരും പൂര്‍ണ പിന്തണയുമായി ഒപ്പമുണ്ട്. മകന്റെ നേട്ടത്തില്‍ നിറഞ്ഞ സംതൃപ്തിയുണ്ടെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന രീതിയിലേക്ക് കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും കവിയും സാമൂഹിക മാധ്യമങ്ങളില്‍ നിറ സാന്നിധ്യവുമായ ഷാഹു പടിഞ്ഞാറെയില്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.