ദുബൈ: ഭാവിയിൽ ഇന്ത്യയിലെതന്നെ അടിസ്ഥാന സൗകര്യ വികസന-കയറ്റിറക്ക് മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന പദ്ധതിയുമായി തൃശൂർ മതിലകത്തെ ലിവേജ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് ‘കമോൺ കേരള’യിൽ എത്തുന്നു.
വരാൻ പോകുന്ന കാലഘട്ടത്തിലേക്ക് മുൻകൂട്ടി സഞ്ചരിച്ച് ‘ബൂം ട്രക്കു’കളാണ് ലിവേജ് അവതരിപ്പിക്കുന്നത്. ക്രെയിനും ട്രക്കും ഒന്നുചേരുന്ന ‘ബൂം ട്രക്കുകൾ’ ആധുനിക സാങ്കേതികവിദ്യയിലൂടെ പണവും സമയവും അധ്വാനവുമൊക്കെ ലാഭിക്കാൻ സഹായിക്കുന്നവയാണ്. ഇതിന്റെ ഭാഗമായ സാറ്റോ ക്രെയിനുകൾ നിർമിക്കുന്ന ലിവേജിന്റെ മതിലകത്തെ ഫാക്ടറി കേരളത്തിലെ ആദ്യ ക്രെയിൻ നിർമാണ യൂനിറ്റാണ്. സീഷോർ മുഹമ്മദലിയാണ് ഈ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നത്. ഭാവി തലമുറകൾക്ക് കൂടി പ്രയോജനപ്പെടുന്ന വ്യത്യസ്ത വ്യവസായ സംരംഭങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കളായ സി.പി. ബാവഹാജി, എ.വി. സിദ്ദീഖ് കിള്ളിയത്ത് എന്നിവരുമായി ചേർന്നാണ് മുഹമ്മദലി ലിവേജ് എൻജിനീയറിങ്ങിന് തുടക്കമിട്ടിരിക്കുന്നത്.
ഭാവിയിൽ വേണമെങ്കിൽ ട്രക്ക് വരെ നിർമിക്കാവുന്ന സംവിധാനങ്ങളുള്ള ഫാക്ടറിയാണ് ലിവേജ് എൻജിനീയറിങ് സ്ഥാപിച്ചിരിക്കുന്നത്. 40 സാറ്റോ ക്രെയിനുകൾ ഇതുവരെ നിർമിച്ചു. ക്രെയിൻ ഘടിപ്പിച്ച ബൂം ട്രക്ക് റോഡിൽ ഇറക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അനുമതി കാത്തിരിക്കുകയാണ്.
10 വർഷം കൊണ്ട് 17,500 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.