അബൂദബി: കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് ശക്തമായ മുൻകരുതൽ മാർഗ നിർദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി ഡ്രഗ് കൺട്രോൾ കൗൺസിൽ, നാഷനൽ ഡ്രഗ് പ്രിവൻഷൻ പ്രോഗ്രാം എന്നിവയുമായി കൈകോർത്ത് മന്ത്രാലയം മയക്കുമരുന്ന് പ്രതിരോധ ഗൈഡ് പുറത്തിറക്കി. രാജ്യത്തെ എല്ലാ സ്കൂളുകളിലും ഗൈഡ് വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളെ കൂടാതെ കൗമാരക്കാർ, യുവാക്കൾ എന്നിവരെക്കൂടി ലക്ഷ്യം വെച്ചാണ് മയക്കുമരുന്ന് പ്രതിരോധ മാർഗനിർദേശങ്ങൾ അടങ്ങിയ ഗൈഡ് പുറത്തിറക്കിയത്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ആസക്തിയിലേക്കും അമിത മയക്കുമരുന്ന് ഉപയോഗം മരണത്തിലേക്കും നയിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി. മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ അതി ജാഗ്രത ആവശ്യമാണ്. ഡോക്ടറുടെ നിർദേശമില്ലാതെ അത് ഉപയോഗിക്കുന്നത് നിയമപരമായി കുറ്റകരമാണ്. കൂടാതെ മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നതും ആൽക്കഹോൾ പോലുള്ളവയുമായി കലർത്തുന്നതും ജീവന് ഭീഷണിയാകുന്ന തരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. കൂടാതെ ഗുരുതരമായ പാർശ്വഫലങ്ങൾക്കും ഇത് കാരണമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
വിഷാദരോഗം ചികിത്സിക്കാനും ശാരീരിക ക്ഷീണം ഒഴിവാക്കാനും ഊർജനില വർധിപ്പിക്കാനും ഓർമശക്തി കൂട്ടാനും മയക്കുമരുന്നുകൾക്ക് കഴിയുമെന്ന തെറ്റിദ്ധാരണകൾ വിദ്യാർഥികൾക്കിടയിൽ വ്യാപകമാണ്. ഇതിനെതിരെ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ആസക്തിയിലേക്കും ഒടുക്കം മരണത്തിലേക്കുമാണ് നയിക്കുകയെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.
വിദ്യാർഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം നേരത്തേ കണ്ടെത്താനും അവരെ സംരക്ഷിക്കുന്നതിനും അതിനെതിരെ അവരെ ബോധവത്കരിക്കാനും മാതാപിതാക്കളെ സഹായിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം മയക്കുമരുന്ന് പ്രിവൻഷൻ ഗൈഡിന്റെ വിതരണം എല്ലാ സ്കൂളുകളിലും ഉറപ്പാക്കിയിട്ടുണ്ട്. നിയമപരമായ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ചികിത്സ, പുനരധിവാസം എന്നിവയെ കുറിച്ചും ഗൈഡിൽ പ്രതിപാദിക്കുന്നുണ്ട്. മയക്കുമരുന്നിൽ നിന്ന് കുട്ടികളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഏഴ് ഘടകങ്ങളും ഗൈഡിൽ വിവരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.