ദുബൈ: പൊള്ളുന്ന നട്ടുച്ചക്ക് ആരാധനക്കെത്തുന്ന വിശ്വാസികൾക്കായി ദുബൈയിലെ പല പള്ളികളിലും വെള്ളക്കുപ്പികൾ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ബറോഡ പള്ളി എന്നറിയപ്പെടുന്ന ഗുബൈബയിലെ ഹറബ് ബിൻ ഹറബ് മസ്ജിദിൽ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിനെത്തുന്ന തൊഴിലാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് പള്ളിയിൽ സൂക്ഷിച്ച വെള്ളം തികയാറില്ല. പക്ഷെ അവിടെയെത്തുന്ന ഒരാൾ പോലും ദാഹിച്ച് മടങ്ങാറുമില്ല. നമസ്കരിക്കാനുള്ളവർ എത്തും മുൻപേ അവിടെ തെളിനീർ പാത്രങ്ങളുമേറ്റി ഒരാൾ കാത്തു നിൽപ്പുണ്ടാവും. ലാൽചന്ദ് മിർചന്ദാനി എന്ന വയോധികൻ.
നമസ്കാര നേരമാകുേമ്പാഴേക്കും നിറഞ്ഞു കവിയുന്ന പള്ളിയിൽ നിന്ന് ചുട്ടുപൊള്ളുന്ന വെയിലിലേക്കിറങ്ങുന്നവർക്ക് ലോ ബേട്ടാ, പ്യാർ കാ പാനി ( ഇന്നാ മോനേ സ്നേഹത്തിെൻറ വെള്ളം) എന്നു പറഞ്ഞ് തണുത്ത വെള്ളത്തിെൻറ ഗ്ലാസുകൾ നീട്ടും. ഏതു നാട്ടുകാരെന്നോ എന്തു ജോലിക്കാരെന്നോ എന്നൊന്നും നോക്കിയല്ല, ആ റോഡിലേക്കിറങ്ങുന്ന മനുഷ്യർക്കെല്ലാം കിട്ടും ഉള്ളം തണുപ്പിക്കുന്ന വെള്ളവും പുഞ്ചിരിയും. പതിവായി വരുന്നവരോട് രണ്ടുവാക്ക് കുശലം പറയും, മക്കളെ കൊണ്ടുവന്നില്ലേ എന്നന്വേഷിക്കും. തിരക്കിനിടയിൽ പലർക്കും വെള്ളത്തിനായി കാത്തു നിൽക്കേണ്ടി വരുന്നതിനാൽ മൂന്ന് ജീവനക്കാരെയും അദ്ദേഹം കൂടെക്കൂട്ടിയിട്ടുണ്ട്. പള്ളി മുറ്റത്ത് നിന്ന് രണ്ടു പേർ വെള്ളം നൽകുേമ്പാൾ മറ്റു രണ്ടുപേർ സമീപത്തെ റോഡിൽ നിന്ന് വിതരണം ചെയ്യും. ചുമയും തൊണ്ടവേദനയുമെല്ലാം കാരണം തണുപ്പിച്ച വെള്ളം കുടിക്കാൻ കഴിയാത്തവർക്ക് നൽകാൻ കുറച്ച് സാദാ പാനിയും കരുതും.
മുംബൈ സ്വദേശിയായ ലാൽചന്ദിന് 81വയസായി. ദുബൈ ദേരയിൽ മഹാരാജ എന്ന പേരിൽ റെഡിമെയ്ഡ് വസ്ത്ര സ്ഥാപനം നടത്തുകയാണ്. മൂന്നു മക്കളും കുടുംബവുമൊത്ത് പള്ളിക്കു സമീപത്തെ ഫ്ലാറ്റിലാണ് താമസം. 40 വർഷം മുൻപ് ദുബൈയിലെത്തിയ അദ്ദേഹത്തിന് ഇൗ നാട്ടിലെ പ്രകൃതിയോടും ജനങ്ങളോടും പ്രവാസികളോടും ഭരണാധികാരികളോടും ഏറെ മതിപ്പാണ്. മതങ്ങളുടെ പേരിലെ ഭിന്നിപ്പും തർക്കങ്ങളും താൻ ഇഷ്ടപ്പെടുന്നില്ലെന്നും ഏവർക്കും ഒരുമയോടെ ജീവിക്കാൻ ഇടം നൽകുന്ന ദുബൈ ഇക്കാര്യത്തിൽ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറയുന്നു.
വെള്ളം വിതരണം ചെയ്യുന്നതിെൻറ ചിത്രമെടുക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ലാൽചന്ദ്ജിയോട് മറ്റുള്ളവർക്കും പ്രചോദനമാവെട്ട എന്നുദ്ദേശിച്ചാണ് പടമെടുത്തത് എന്നു പറഞ്ഞപ്പോൾ ആളുകൾക്ക് ദാഹം മൂലം ബുദ്ധിമുട്ടുണ്ടാവരുത് എന്ന ലക്ഷ്യം മാത്രമേ തനിക്കൂള്ളൂവെന്നും എത്ര ധനികനും ദാഹിച്ചു വലയുന്ന സമയത്ത് ഒരു ഗ്ലാസ് വെള്ളം കിട്ടാതെ വന്നാൽ ആ പണം കൊണ്ടൊരു പ്രയോജനവുമിെല്ലന്നും പറഞ്ഞ് നടന്നുനീങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.