ദുബൈ: ഓരോ കേരള ബജറ്റും പ്രവാസികൾ കാത്തിരിക്കുന്നത് നിരവധി പ്രതീക്ഷകളുമായാണ്. ഇക്കുറിയും അതിന് മാറ്റമില്ല. കോവിഡിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന പ്രവാസികൾക്കു കൂടി താങ്ങായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നാണ് പ്രതീക്ഷ. പറഞ്ഞുപഴകിയ പല്ലവി ആവർത്തിക്കാതെ ഇക്കുറിയെങ്കിലും ഗുണംചെയ്യുന്ന പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കഴിഞ്ഞ മാസത്തെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യു.എ.ഇ സന്ദർശനം ഈ പ്രതീക്ഷക്ക് കനം നൽകുന്നു.

മടങ്ങിപ്പോകുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കോവിഡ് എത്തിയതോടെ ഈ ആവശ്യം ബലപ്പെട്ടിരുന്നു. പ്രവാസികൾക്ക് സ്വയംതൊഴിൽ ആരംഭിക്കാൻ കുറഞ്ഞ പലിശക്ക് 1000 കോടിയുടെ വായ്പ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പ്രവാസിക്ഷേമ പദ്ധതിക്കായി ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തുമെന്നായിരുന്നു മറ്റൊന്ന്. ഈ പ്രഖ്യാപനങ്ങളെല്ലാം പാതിവഴിയിലാണ്.

പ്രവാസികളിൽ 15 ലക്ഷം പേർ തിരിച്ചെത്തിയെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും അവരെ സഹായിക്കാനുള്ള കാര്യമായ പരിപാടിയൊന്നും ആവിഷ്കരിച്ചിട്ടില്ല. ഗൾഫിൽനിന്ന് മികച്ച പരിശീലനം നേടി നാട്ടിലെത്തിയവരുടെ കഴിവ് നാടിന്‍റെ വികസനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ആവശ്യം. ഇതിനായി പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്നതടക്കമുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്. ഐ.ടി മേഖലകളിൽ അടക്കം തൊഴിലെടുത്ത് തിരിച്ചെത്തിയ പ്രവാസികൾ നാട്ടിലുണ്ട്. വിദഗ്ധ പരിശീലനം നേടിയവരാണ് ഇവരിൽ നല്ലൊരു ശതമാനവും.

കോവിഡിൽ മരിച്ച പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പല പ്രവാസിക്ഷേമ പദ്ധതികളുമുണ്ടെങ്കിലും ലളിതമല്ലാത്തതിനാൽ പ്രയോജനപ്പെടാറില്ല. ഇവ കാര്യക്ഷമമായി നടപ്പാക്കാറുമില്ല. സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയാലും നടപടിയുണ്ടാകാത്ത അവസ്ഥയുണ്ട്. ക്ഷേമപദ്ധതികൾ ലളിതമാക്കിയാൽ മാത്രമേ ഇതുകൊണ്ട് പ്രയോജനപ്പെടുകയുള്ളൂ. പ്രവാസി പെൻഷൻ വർധിപ്പിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

ലോക കേരള സഭ പുനഃസംഘടനയും നടപ്പായിട്ടില്ല. നിർജീവ അവസ്ഥയിലാണിത്. ഇത് പൊടിതട്ടിയെടുക്കാൻ ഈ ബജറ്റിൽ തുക വകയിരുത്തുമെന്നാണ് പ്രതീക്ഷ.

റിസർവ് ബാങ്കിന്‍റെ 2018ലെ കണക്കുപ്രകാരം ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്‍റെ 19 ശതമാനവും കേരളത്തിലാണ്. അതുകൊണ്ടുതന്നെ, കേരളത്തിൽനിന്ന് പ്രവാസികളും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. 

Tags:    
News Summary - Kerala Budget Exile and Hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.