ദുബൈ: യു.എ.ഇയിലെ യാത്ര, ടൂറിസം മേഖലയിൽ ഈ വർഷം 26,400 അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ റിപ്പോർട്ട്. അന്താരാഷ്ട്ര സന്ദർശകരുടെ ചെലവഴിക്കൽ രാജ്യത്ത് റെക്കോഡ് നിലവാരത്തിലെത്തുമെന്നും കൗൺസിൽ പ്രവചിക്കുന്നുണ്ട്. ഈ വർഷത്തെ തൊഴിലവസരങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 2.9 ശതമാനം കൂടുതലായിരിക്കുമെന്നും ഓക്സ്ഫർഡ് ഇക്കണോമിക്സുമായി സഹകരിച്ച് കൗൺസിൽ നടത്തിയ ഏറ്റവും പുതിയ സാമ്പത്തിക ആഘാത ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.
യാത്രയുടെയും ടൂറിസത്തിന്റെയും കാര്യത്തിൽ യു.എ.ഇയെ സംബന്ധിച്ചിടത്തോളം 2024 ഒരു റെക്കോഡ് വർഷമായിരുന്നു. കോവിഡിന് മുമ്പുള്ള 2019ലെ നേട്ടത്തെയും മറികടക്കുന്നതായിരുന്നു അത്. 2025ൽ യു.എ.ഇയിലെ അന്താരാഷ്ട്ര സഞ്ചാരികളുടെ ചെലവഴിക്കൽ വർഷംതോറും 5.2 ശതമാനം വർധിച്ച് 228.5 ശതകോടി ദിർഹം എന്ന റെക്കോഡ് മൂല്യത്തിലെത്തുമെന്ന് കൗൺസിലിന്റെ ഡേറ്റ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ഈ വർഷം രാജ്യത്തെ ആഭ്യന്തര സഞ്ചാരികളുടെ ചെലവ് 60 ശതകോടി ദിർഹത്തിലെത്തും. 2024നെ അപേക്ഷിച്ച് 4.3 ശതമാനവും 2019നെ അപേക്ഷിച്ച് 47 ശതമാനവും കൂടുതലാണിത്. 2025ന്റെ ആദ്യ മാസങ്ങളില്‍ വിനോദസഞ്ചാര മേഖലയില്‍ രാജ്യത്ത് മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
എല്ലാ എമിറേറ്റുകളും വിനോദ സഞ്ചാര സീസൺ ലക്ഷ്യമാക്കി വിവിധ കാമ്പയിനുകളും മറ്റും ഒരുക്കിവരുന്നുമുണ്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇയിലെ സന്ദർശനവും ഇത്തിഹാദ് എയർവേഴ്സ് 28 പുതിയ ബോയിങ് വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവെച്ചതും യാത്രമേഖലയുടെ വളർച്ചക്ക് സഹായകമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
അബൂദബിയിലെ അഞ്ച് വിമാനത്താവളങ്ങളിലായി 2024ല്‍ എത്തിയ യാത്രികരുടെ എണ്ണം റെക്കോഡ് നേട്ടത്തിലെത്തിയിരുന്നു. 2.94 കോടി യാത്രികരാണ് 2024ല്‍ അബൂദബിയിലെ വിമാനത്താവളങ്ങളിലെത്തിയത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വര്‍ധനയാണ്. സായിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഈ വളര്‍ച്ചക്ക് പിന്നിലെ പ്രധാന ഘടകം. 28.8 കോടി യാത്രികരാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാത്രം 2024ല്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.