ദുബൈ: ഫോണിലൂടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ ഇമിഗ്രേഷൻ(ജി.ഡി.ആർ.എഫ്.എ) താമസക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പ് നൽകി. സർക്കാർ സ്ഥാപനങ്ങൾ ഒരിക്കലും എമിറേറ്റ്സ് ഐ.ഡി നമ്പർ, പാസ്‌പോർട്ട് വിവരങ്ങൾ, വൺടൈം പാസ്‌വേഡ്(ഒ.ടി.പി) എന്നിവ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക പ്രതിനിധികളാണെന്ന വ്യാജേന അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്ക് പ്രതികരിക്കുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അടുത്തിടെ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. മുമ്പ് ബോധവൽക്കരണം നടത്തിയിട്ടുണ്ടെങ്കിലും, ആളുകൾ വീണ്ടും ഇത്തരം ചതികളിൽപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അധികൃതർ അറിയിച്ചു.
വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് വ്യക്തമാക്കിയ ജി.ഡി.ആർ.എഫ്.എ, ഔദ്യോഗികവും അംഗീകൃതവുമായ മാർഗങ്ങളിലൂടെ മാത്രമേ സേവനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്താവൂ എന്നും നിർദേശിച്ചു. സേവനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും ‘ദുബൈ നൗ’ ആപ്ലിക്കേഷൻ, ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയ വിശ്വസനീയ പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ അഭ്യർഥിച്ചു.
സൈബർ തട്ടിപ്പുകൾക്കെതിരെ സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയും ജനങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.