ദുബൈ: പെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈയിലെ പ്രധാന അഞ്ച് ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖൈം 1, ഉമ്മു സുഖൈം 2 എന്നിവിടങ്ങളിലും നൈറ്റ് ബീച്ചുകളിലുമാണ് കുടുംബങ്ങൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയത്. കുടുംബ സൗഹൃദപരമായ നിരവധി പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടികളും ബീച്ചുകളിൽ സജ്ജമാക്കും. തത്സമയ പ്രകടനങ്ങൾ മുതൽ കുടുംബങ്ങൾക്കായുള്ള ബീച്ച് സോണുകൾ, കുട്ടികളുടെ വർക്ക് ഷോപ്പുകൾ എന്നിവയും ആസ്വദിക്കാം. എല്ലാ ആഘോഷങ്ങളെയും ഉൾകൊള്ളാനുള്ള എമിറേറ്റിന്‍റെ നയങ്ങളുടെ ഭാഗമായി ഈദുൽ ഫിത്റിന്റെ മൂന്ന് അവധി ദിവങ്ങളിൽ കമ്യൂണിറ്റി ലേബർ മാർക്കറ്റുകളിൽ നടത്തുന്ന പരിപാടികളിൽ ഇത്തവണ 30,000 തൊഴിലാളികളെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
വുൾഫ സീസണിന്‍റെ ഭാഗമായി ദുബൈയിലെ പ്രധാന പാർക്കുകളിൽ ആദ്യ രണ്ട് അവധി ദിനങ്ങളിൽ വൈകിട്ട് പ്രത്യേക പരിപാടികളാണ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുക. മുഷ്രിഫ് പാർക്ക്, അൽ മംസാർ പാർക്ക്, സഅബീൽ പാർക്ക് എന്നിവിടങ്ങളിൽ വൈകിട്ട് നാലു മുതൽ ഏഴു വരെ പരമ്പരാഗതമായ മധുര പലഹാര നിർമാണത്തിന്‍റെ തത്സമയ പ്രകടനങ്ങളും ഗിവ് എവേ പരിപാടികളും അരങ്ങേറും.
ഈ വർഷം ആദ്യമായി നാദൽ ശിബ പാർക്കിലും ഈദ് ആഘോഷങ്ങളുണ്ടാവും. മൂന്നാമത്തെ അവധി ദിനത്തിൽ വൈകിട്ട് നാല് മുതൽ ഏഴുവരെ നടക്കുന്ന പരിപാടിയിൽ സംവേദനാത്മക വിദ്യാഭ്യാസ, വിനോദ വർക്ക്ഷോപ്പുകൾ, കുട്ടികളുടെ കഥാപാത്രങ്ങളായ മൊധേഷ്, ദാന എന്നിവരുടെ സാന്നിധ്യം എന്നിവ ഉണ്ടാകും. പാർക്കുകളിലും ബീച്ചുകളിലും വലിയ രീതിയിലുള്ള സന്ദർശകരെ പ്രതീക്ഷിക്കുന്നതിനാൽ ദുബൈ മുനിസിപ്പാലിറ്റി അവധി ദിന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
ആഘോഷവേളകളിൽ ഭക്ഷ്യ സുരക്ഷ, പൊതുജന ശുചിത്വം ആരോഗ്യ മാർഗനിർദേശങ്ങൾ എന്നിവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 2,800 ശുചിത്വ പരിശോധകരേയും 8,00നടുത്ത് വാഹനങ്ങളേയും നിയോഗിച്ചിട്ടുണ്ട്. ഏറ്റവും തിരക്കേറിയ ഇടങ്ങളായ വാട്ടർഫ്രണ്ട് മാർക്കറ്റ്, ദുബൈ ഫുഡ് ഹബ്, ഷോപ്പിങ് മാളുകൾ, ബീച്ചുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. ഇവന്‍റ് വേദികളിലും ഷോപ്പിങ് മാളുകളിലുമുള്ള 150 ഭക്ഷ്യ ഔട്ട്ലറ്റുകളിൽ ഇതിനകം പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്.
കൂടാതെ 300 പുരുഷ ബാർബർ ഷോപ്പുകൾ, 100 വനിത ബ്യൂട്ടി സെന്‍ററുകൾ, 300 ഫിറ്റ്നസ് സെന്‍ററുകൾ, 40 ഹോട്ടലുകൾ, 40 വിനോദ വേദികൾ, 150 ശീഷ കഫേകൾ, നീന്തൽ കുളങ്ങൾ, വിനോദ കേന്ദ്രങ്ങളിലെ റൈഡുകൾ, ഷോപ്പുകളിലെ മൈലഞ്ചി സാംപിളുകൾ, മുഹൈസിന, അൽ ഖൂസ്, ജബൽ അലി എന്നിവിടങ്ങളിലായി 700 ലേബർ ക്യാമ്പുകൾ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തി.
അവധി ദിനങ്ങളിൽ നഗരത്തിന്‍റെ സൗന്ദര്യം നിലനിർത്താനായി 2876 ശുചിത്വ ജീവനക്കാർ, 280 സൂപ്പർവൈസർമാർ തുടങ്ങിയവരുടെ 24 മണിക്കൂർ പ്രവർത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.