ഷാര്‍ജ: ജനങ്ങളുടെ അനുമതിയും സമ്മതിയും വാങ്ങാതെ പദ്ധതികള്‍ക്കായി ഭൂമിയിൽ നിന്ന് കുടിയിറക്കുന്നത് എതിര്‍ക്കപ്പെടണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. ശക്തി ഉപയോഗിച്ച് ഭൂമി പിടിച്ചെടുക്കുന്നത് അനീതിയാണ്. മതിയായ നഷ്ടപരിഹാരം നല്‍കി വേണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഒരുക്കാനെന്ന് താന്‍ ഗ്രാമവികസന മന്ത്രി ആയിരിക്കെ നിയമം കൊണ്ടുവന്നതാണെന്നും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഷാജഹാന്‍ മാടമ്പാട്ടുമായി നടത്തിയ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ശക്തയായ പരിസ്ഥിതി വാദിയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ പോലും താല്‍പര്യങ്ങള്‍ തള്ളിയാണ് സൈലന്‍റ് വാലി പദ്ധതി വേണ്ടെന്നുവെച്ച് പ്രകൃതിയുടെയും കേരളത്തിെൻറയും താല്‍പര്യം സംരക്ഷിച്ചത്.
ചരിത്രകാരും ജീവ ചരിത്രമെഴുതുന്നവരും മടിയന്‍മാരാകയാല്‍ രേഖകളും വിവരങ്ങളുമൊന്നും പരതാതെയും പരിശോധിക്കാതെയുമാണ് പുസ്തകങ്ങള്‍ തയ്യാറാക്കുക. ഗോസിപ്പുകളെ അടിസ്ഥാനമാക്കി ജീവചരിത്രം തയ്യാറാക്കലാണ് അവര്‍ക്ക് താല്‍പര്യം. പൊതു ലൈബ്രററികളില്‍ ലഭ്യമായ രേഖകള്‍ ഗവേഷണം ചെയ്താണ് ‘ഇന്ദിരാഗാന്ധി എ ലൈഫ് ഇന്‍ നേച്വര്‍’ എന്ന പുസ്തകം താന്‍ തയ്യാറാക്കിയത്. ഇന്ദിരയുടെ പ്രകൃതി സ്നേഹത്തെ പ്രകീര്‍ത്തിക്കുന്നു എന്നതു കൊണ്ട് അടിയന്തിരാവസ്ഥയെ താന്‍ അംഗീകരിക്കുന്നു എന്ന് അനുമാനിക്കേണ്ടതില്ല. എന്നാല്‍ അടിയന്തിരാവസ്ഥക്കു ശേഷം തെരഞ്ഞെടുപ്പിനെ നേരിടാനും തോറ്റ് പ്രതിപക്ഷത്തിരിക്കാനുമുള്ള ജനാധിപത്യ മര്യാദ ഇന്ദിരക്കുണ്ടായിരുന്നു.
ഗോവധം നിരോധിക്കണമെന്ന ആവശ്യവുമായി 1966ല്‍ വന്‍ പ്രക്ഷോഭം ഉയര്‍ന്നിരുന്നു. വിഷയം പഠിക്കാന്‍ അമൂല്‍ സ്ഥാപകന്‍ വര്‍ഗീസ് കുര്യന്‍ മുതല്‍ ആര്‍.എസ്.എസ് നേതാവ് എം.എസ്. ഗോള്‍വാല്‍ക്കര്‍ വരെ അംഗങ്ങളായ സമിതിക്ക് രൂപം നല്‍കി. 1979 വരെ കാത്തിരുന്നിട്ടും റിപ്പോര്‍ട്ട് നല്‍കാതെ സമിതി പിരിച്ചുവിടപ്പെട്ടു. നരേന്ദ്രമോദിയെ ഇന്ദിരയുമായി സമീകരിക്കുന്നവര്‍ക്ക് മോദിയില്‍ നിന്ന് ഇമ്മട്ടില്‍ ജനാധിപത്യം പ്രതീക്ഷിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.