അജ്മാൻ: വൈജ്ഞാനികമായി അതിജയിച്ചാലേ ഭാവി ഇന്ത്യയിൽ മുസ്ലിംകൾ ഉൾപ്പെടെ ന്യൂന പക്ഷ വിഭാഗങ്ങൾക്ക് നിലനിൽക്കാൻ കഴിയൂ എന്ന് മാധ്യമം^മീഡിയാവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളജ് പൂർവവിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം ആർജിച്ചെടുത്ത സിദ്ധികൾ കൊണ്ട് ഒരാൾക്കും അവഗണിക്കാൻ കഴിയാത്ത തരത്തിൽ അതിജയിക്കാൻ കഴിയണമെന്നും ഭാവി തലമുറയെ മികച്ച വിജ്ഞാനം പകർന്ന് വളർത്തിയെടുക്കാൻ കരുതൽ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പത്ത് ശതമാനം സംവരണം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ, രാജ്യത്തെ മുസ്ലിംകളുടെ അവസ്ഥ ആദിവാസികളെക്കാളും ദലിതരെക്കാളും മോശമാണെന്ന് അൻപത് വർഷത്തെ കണക്കുകൾ വെച്ച് സച്ചാർ കമ്മറ്റി റിപ്പോർട്ട് നൽകിയിട്ടും അംഗീകരിക്കാത്ത ഭരണകൂടമാണ് രാജ്യത്ത് നിലനിൽക്കുന്നത്. അത് കൊണ്ട് മറ്റൊരു രീതിയിലുമുള്ള പരിഗണന ലഭിക്കുകയില്ല എന്ന ഉറച്ച ബോധ്യത്തോടെ വൈജ്ഞാനികമായി മുന്നേറാൻ മുസ്ലിംകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ബഷീർ ഉളിയിൽ അധ്യക്ഷത വഹിച്ചു. സുബൈദ ടീച്ചർ, ടി.അബ്ദുല്ല മാസ്റ്റർ, കെ.സി.സി.ഹുസൈൻ, ഡോ. സഈദ് റമദാൻ, അൻവർ വാണിയമ്പലം, ഹാരിസ് അരികുളം എന്നിവർ സംസാരിച്ചു. കെ.കെ ഹനീഫ മാസ്റ്റർ സ്വാഗതവും ഷുക്കൂർ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.