റാക് അന്താരാഷ്ട്ര അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് വർക്ക്ഷോപ്പില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി സംസാരിക്കുന്നു
റാസല്‍ഖൈമ: ശാസ്ത്രത്തിലേക്കുള്ള നിക്ഷേപം ആഡംബരമല്ലെന്നും ഭാവിയിലേക്കുള്ള പ്രത്യാശയുടെ അടിത്തറയാണെന്നും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. റാസല്‍ഖൈമയില്‍ 17ാമത് അന്താരാഷ്ട്ര അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് വർക്ക്ഷോപ്പ് (ഐ.ഡബ്ല്യു.എ.എം -ഐവാം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള വെല്ലുവിളികള്‍ നേരിടാനും ഭാവി തലമുറകള്‍ക്കായി സുസ്ഥിരമായ ജീവിതം രൂപപ്പെടുത്തുന്നതിനും ശാസ്ത്ര-ഗവേഷണ മേഖലയുടെ വികാസം നിര്‍ണായകമാണ്. ദീര്‍ഘകാല പുരോഗതിക്ക് ശാസ്ത്രം വഴികാട്ടിയാണ്. ശാസ്ത്രത്തിന്റെ മൂല്യം അറിവിനതീതമാണ്. മനുഷ്യ രാശിയുടെ പുരോഗതിയുടെയും പ്രതിരോധ ശേഷിയുടെയും ചാലകശക്തിയാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ നിക്ഷേപിച്ച സമൂഹങ്ങള്‍ മാറ്റങ്ങളെ നേരിടാനും നിലനില്ക്കുന്നതിനും വളരുന്നതിനും മുന്നിലാണ്. അതിവേഗം മാറുന്ന വര്‍ത്തമാന ലോകത്ത് തൊട്ടറിയുന്നതിനപ്പുറം ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ശാസ്ത്രമാണ്. അറിവിന്റെ മുന്നേറ്റത്തിന് ശാസ്ത്രീയ ഗവേഷണം, സഹകരണം, ഉത്തരവാദിത്തബോധം എന്നിവ അനിവാര്യമാണ്. ജനങ്ങള്‍ക്ക് സേവനം നല്‍കുകയെന്നതാണ് സ്ഥാപനങ്ങളുടെ ചുമതല. സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ നിക്ഷേപത്തിനും നവീകരണത്തിനും ഭാവി പദ്ധതികള്‍ക്കും വേണ്ടിയുള്ള ആത്മവിശ്വാസം സ്വാഭാവികമായി വര്‍ധിക്കും.
ശാസ്ത്രീയ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും രംഗത്ത് റാസല്‍ഖൈമ പുലര്‍ത്തുന്ന പ്രതിബദ്ധത ഉറപ്പിക്കുന്നതാണ് വിദ്യാര്‍ഥികളും ശാസ്ത്രജ്ഞരും അടങ്ങിയ പ്രതിഭാധനര്‍ സംബന്ധിക്കുന്ന ശാസ്ത്രീയ ഫോറമെന്നും ശൈഖ് സഊദ് തുടര്‍ന്നു. യു.എ.ഇയില്‍ നിന്നുള്ള 128 പ്രഫസര്‍മാരും വിദ്യാര്‍ഥികളും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.
110 വിദ്യാര്‍ഥികള്‍ക്ക് അഡ്വാന്‍ഡ്സ് മെറ്റീരിയല്‍സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ശാസ്ത്രജ്ഞരോട് നേരിട്ട് ചോദിക്കാന്‍ മര്‍ജാന്‍ ഐലന്റ് മൂവ്ഇന് പിക്കില്‍ നടക്കുന്ന ശില്പശാലയില് അവസരമുണ്ട്. മനുഷ്യരാശിയുടെ ഭാവിക്ക് വലിയ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന മെറ്റീരിയല്സിനെക്കുറിച്ച ശാസ്ത്രീയ സംവാദങ്ങള്‍ക്കായുള്ള ഒരു അപൂര്‍വ വേദിയാണ് ഐവാം എന്ന് റാക് സി.എ.എം ചെയര്‍മാനും കാലിഫോര്‍ണിയ സര്‍വകലാശാല സാന്റ ബാര്‍ബറ ഗവേഷണ പ്രഫസറുമായ സര് ടോണി ചീതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.