അബൂദബി: കോവിഡ് -19 വൈറസ് പടരുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമാക്കി അബൂദബി നഗരത്തിലും പരിസരങ്ങളിലുമുള്ള അഞ്ചു മേഖലകളിൽ വിപുലമായ കോവിഡ് പരിശോധന കാമ്പയിൻ നടത്താനുള്ള പദ്ധതി പ്രഖ്യാപിച്ചു. അബൂദബി നഗരാതിർത്തിയിലെ ടൂറിസ്റ്റ് ക്ലബ് ഏരിയ എന്നറിയപ്പെടുന്ന അൽ ദാന, നഗരത്തിനു വെളിയിലെ ബനിയാസ്, അൽ ഷംഖ, അൽ ഷവാമെക്, അൽ സാഹിയ എന്നിവിടങ്ങളിലാണ് തീവ്ര കോവിഡ് പരിശോധന കാമ്പയിൻ നടപ്പാക്കുക.
ഈ മേഖലയിലെ പൊതുജനങ്ങൾ പി.സി.ആർ പരിശോധന കാമ്പയിനിൽ പങ്കെടുക്കണമെന്നും എല്ലാ പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്നും അബൂദബി ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെൻറ് കമ്മിറ്റി ആവശ്യപ്പെട്ടു.
വീടുതോറുമുള്ള പരിശോധനയജ്ഞത്തിൽ പ്രതിദിനം 15,000ത്തോളം ആളുകൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെയാണ് അബൂദബിയിൽ പരിശോധിക്കുന്നത്.
കൊറോണ വൈറസ് ബാധിതരെ തിരിച്ചറിയാൻ പൊലീസും മെഡിക്കൽ സംഘവും അബൂദബി എമിറേറ്റിലുടനീളം സഞ്ചരിക്കുന്നു. കൂടുതൽ ആളുകളും വീട്ടിൽ ഉണ്ടാകുന്നതിനാൽ പലപ്പോഴും രാത്രിയിലാണ് ടീമിെൻറ പ്രവർത്തനം. മെഡിക്കൽ സംഘം വീടുകളുടെ വാതിലിൽ മുട്ടി വീട്ടിലുള്ള ഓരോ വ്യക്തികളെയും രജിസ്റ്റർ ചെയ്യുകയും പി.സി.ആർ പരിശോധനകൾ നടത്തുകയും ചെയ്യുന്നു.
രണ്ടു മിനിറ്റിൽ താഴെയാണ് ഇതിനു സമയമെടുക്കുന്നത്. പരമാവധി ആളുകളെ പരിശോധനക്കു വിധേയമാക്കുകയാണ് ഈ യജ്ഞത്തിെൻറ ലക്ഷ്യമെന്ന് തമൂഹ് ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അൽ റഷ്ദി അറിയിച്ചു.
വാക്സിനേഷൻ ആവശ്യമുള്ള ഒറ്റപ്പെട്ട സ്കൂളുകൾ, മാളുകൾ, ഷോപ്പുകൾ, സിനിമശാലകൾ എന്നിവ അടക്കുന്നതുൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അണുബാധകരുടെ എണ്ണം ഇനിയും കുറക്കാനാവുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
യു.എ.ഇയിൽ ചൊവ്വാഴ്ച 2022 പുതിയ കൊറോണ വൈറസ് കേസുകൾ കണ്ടെത്തി. രാജ്യത്ത് മൊത്തം അണുബാധിതരുടെ എണ്ണം 4,87,697 ആയി. ഇന്നലെ നാലു മരണങ്ങളും 1731 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.
ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,66,023 കോവിഡ് പരിശോധനകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,18,805 വാക്സിൻ ഡോസുകൾ നൽകി. മൊത്തം വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 91.5 ലക്ഷമായി. ഇത് 100 പേരിൽ 92.58 വാക്സിൻ ഡോസുകൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.