റാക് പൊലീസിന്റെ സംയോജിത കമ്യൂണിറ്റി സംരംഭത്തില്‍ നടന്ന ശില്‍പ്പശാല
റാസല്‍ഖൈമ: പൊലീസും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക ഐക്യം ദൃഢപ്പെടുത്തുന്നതിനും സംയോജിത കമ്യൂണിറ്റി പദ്ധതിയുമായി റാക് പൊലീസ്. സാമൂഹിക പങ്കാളിത്തവും സംയുക്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സംയോജിത സംവിധാനം സഹായിക്കുമെന്ന് റാക് പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രി. ഡോ. താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് പറഞ്ഞു. ‘നമ്മുടെ സമൂഹം നിങ്ങളോടൊപ്പം സുരക്ഷിതമാണ്’ എന്ന ശീര്‍ഷകത്തില്‍ റാക് ഇക്കണോമിക് സോണുമായി സഹകരിച്ച് 15 കമ്യൂണിറ്റികളെ ലക്ഷ്യമിട്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ അവബോധം വളര്‍ത്തുന്നതിനും പൊലീസും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും സംരംഭം ലക്ഷ്യമിടുന്നു. ഹോട്ടല്‍ ജീവനക്കാരെ പിന്തുണക്കുന്നതിനായി ‘ടൂറിസവും സുരക്ഷയും’ എന്ന വിഷയത്തില്‍ സമാന്തര പ്രചാരണവും സംഘടിപ്പിച്ചുവരുന്നതായി ഡോ. താരീഖ് മുഹമ്മദ് പറഞ്ഞു. സന്ദര്‍ശകരുടെ സുരക്ഷാബോധം വര്‍ധിപ്പിക്കാനുതകുന്നതാണ് ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള ശില്‍പ്പശാലകള്‍. കഴിഞ്ഞദിവസങ്ങളില്‍ നടന്ന പരിപാടികളില്‍ നൂറുകണക്കിന് ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളുമായി സഹകരിച്ച് റാസല്‍ഖൈമയില്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.