അബൂദബി: വാഹനാപകടത്തില്‍ പരിക്കേറ്റ തൊഴിലാളിക്ക് ഇന്‍ഷുറന്‍സ് സ്ഥാപനവും തൊഴില്‍ സ്ഥാപനവും ചേര്‍ന്ന് 1,40,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ശരിവെച്ച് അബൂദബി സുപ്രീംകോടതി. നഷ്ടപരിഹാരത്തുക കൂട്ടിനല്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും തുക കുറച്ചുനല്കണമെന്നാവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനിയും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കമ്പനി വാഹനം അപകടത്തില്‍പെട്ട് സ്ഥിരവൈകല്യവും ഗുരുതര പരിക്കുകളും ഏറ്റ തൊഴിലാളിക്കാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. 2024 ഡിസംബര്‍ 27നായിരുന്നു അപകടം. വലിയ ചരക്ക് ട്രെയിലറിനു പിന്നിലേക്ക് കമ്പനി വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിക്കുകയും വാഹനത്തിലുണ്ടായിരുന്ന പരാതിക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
ഇയാളുടെ തലയോട്ടി പൊട്ടുകയും തലച്ചോറിനും മൂക്കിനും സ്ഥിരവൈകല്യം സംഭവിക്കുകയും ചെയ്തു. 25 ശതമാനം സ്ഥിരവൈകല്യമാണ് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 65,000 ദിര്‍ഹം നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. അപകടത്തിലേറ്റ പരിക്കുമൂലം തനിക്കു ജോലിക്കു പോവാനാവുന്നില്ലെന്നും ഇതിനു പുറമേ മാനസിക പ്രശ്നത്തിലാണെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടി. എന്നാല്‍, കമ്പനി തൊഴിലാളിക്ക് എടുത്തിരുന്ന ഇന്‍ഷുറന്‍സ് പ്രകാരം 50,000 ദിര്‍ഹം കൊടുക്കേണ്ട ബാധ്യതയേ തങ്ങള്ക്കുള്ളൂവെന്ന നിലപാടാണ് ഇന്‍ഷുറന്‍സ് കമ്പനി സ്വീകരിച്ചത്. കോടതി ഈ വാദം തള്ളുകയും കമ്പനി എടുത്തിരുന്ന ഇന്‍ഷുറന്‍സ് വ്യക്തിപരമായ അപകടത്തിന് രണ്ടുലക്ഷം ദിര്‍ഹം വരെ കവറേജ് നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് അപ്പീല്‍ കോടതി വിധിച്ച 1,40,000 ദിര്‍ഹം നഷ്ടപരിഹാരത്തുക അബൂദബി സുപ്രീംകോടതി ശരിവച്ചത്. ഈ തുക പരാതിക്കാരന് നേരിട്ട മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് മതിയായതാണെന്നും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.