മുസഫ വ്യവസായ നഗരിയിൽ പുതിയ ബി.എൽ.എസ് കേന്ദ്രം തുറന്നശേഷം ഇന്ത്യൻ
സ്ഥാനപതി പവൻ കപൂർ എംബസി ഉദ്യോഗസ്ഥർക്കൊപ്പം
അബൂദബി: ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനു കീഴിൽ മുസഫയിൽ പുതിയ ബി.എൽ.എസ് കേന്ദ്രം തുറന്നു. മുസഫ വ്യവസായ നഗരിയിലെ തൊഴിൽ സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും ഇന്ത്യൻ പാസ്പോർട്ടിനും വിസ സേവനങ്ങൾക്കും പ്രയോജനപ്പെടുന്ന കേന്ദ്രം ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനു കീഴിൽ എല്ലാ പാസ്പോർട്ട്, വിസ സേവനങ്ങളും ഔട്ട്സോഴ്സ്ഡ് സേവന ദാതാക്കളായ ബി.എൽ.എസ് ഇൻറർനാഷനൽ സർവിസസ് ലിമിറ്റഡാണ് നടപ്പാക്കുന്നത്. കോവിഡ് മൂലം അബൂദബി നഗരത്തിലെ ബി.എൽ.എസ് കേന്ദ്രത്തെ മാത്രം ആശ്രയിച്ചിരുന്നവർക്ക് പുതിയ കേന്ദ്രം ആരംഭിച്ചത് ആശ്വാസമായി.
മുസഫ വ്യവസായ നഗരിയിലെ ഡനൂബ് ഹോംസ്, അബൂദബി ലേബർ കോർട്ട്-2 എന്നിവക്കു സമീപമാണ് പുതിയ കേന്ദ്രം. തുടക്കത്തിൽ പാസ്പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പുതിയ കേന്ദ്രത്തിൽ നടത്തുക. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനത്തിനിടയിൽ പാസ്പോർട്ടിെൻറ കാലാവധി കഴിയുന്ന തീയതി അടിസ്ഥാനമാക്കി പുതിയ പാസ്പോർട്ടുകൾ വീണ്ടും നൽകുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചതായും എംബസി അറിയിച്ചു. അബൂദബി എമിറേറ്റിൽ ഏറ്റവും അടുത്തുള്ള ഏതെങ്കിലും ബി.എൽ.എസ് കേന്ദ്രങ്ങളിൽ നിലവിലുള്ള പാസ്പോർട്ട് കാലഹരണപ്പെടുന്നതിന് ഒരുവർഷം മുമ്പ് പുതിയ പാസ്പോർട്ടിനായി അപേക്ഷിക്കാം. 60നു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, 12 വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിയുള്ളവർ എന്നിവരുടെ പാസ്പോർട്ട് അപേക്ഷകൾ കമ്പനി പി.ആർ.ഒമാർ വഴി സ്വീകരിക്കും. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.