ദുബൈ: രാജ്യത്തെ സ്വകാര്യമേഖലയിൽ ഇമാറാത്തികൾക്ക് തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്വദേശിവത്കരണ പദ്ധതിയായ ‘നാഫിസ്’ നാലു വർഷം പൂർത്തിയാക്കി. ഇതുവരെ 29,000 സ്വകാര്യ സ്ഥാപനങ്ങളിലായി 1.34 ലക്ഷം ഇമാറാത്തികളാണ് പദ്ധതിക്ക് കീഴിൽ തൊഴിൽ നേടിയത്.
ഇതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആകെ പൗരൻമാരുടെ എണ്ണം 1.52 ലക്ഷം കവിഞ്ഞു. 2021ൽ ‘പ്രോജക്ട് ഓഫ് 50’ എന്ന സംരംഭത്തിന് കീഴിലാണ് നാഫിസ് പദ്ധതിക്ക് ഇമാറാത്തി ടാലന്‍റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ തുടക്കമിടുന്നത്. ഇമാറാത്തികളായ പ്രതിഭകളുടെ മത്സരശേഷി ശക്തിപ്പെടുത്താൻ രൂപകൽപന ചെയ്ത പദ്ധതി, സ്വകാര്യ മേഖലയിൽ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ പൗരന്മാരെ പ്രാപ്തരാക്കുകയും ഭാവി സമ്പദ്‌വ്യവസ്ഥയുടെ ആവശ്യകതകൾ നിറവേറ്റുന്നതിന് അവരെ സജ്ജമാക്കുകയും ചെയ്യും.
പദ്ധതിക്ക് കീഴിൽ ജോലി നേടുന്ന പൗരൻമാർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയും ശമ്പളവും അനുസരിച്ച് അധിക സാമ്പത്തിക സഹായവും കൗൺസിൽ അനുവദിച്ചു വരുന്നു. കൂടാതെ ചൈൽഡ് അലവൻസ് പ്രോഗ്രാം, ടെമ്പററി സപോർട്ട് പ്രോഗ്രാം, പെൻഷൻ കോൺട്രിബ്യൂഷൻ പ്രോഗ്രാം തുടങ്ങിയവയും നടപ്പിലാക്കുന്നുണ്ട്.
അതോടൊപ്പം പൊതു, സ്വകാര്യ മേഖലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കൈകോർത്ത് വിവിധ പരിശീലന പരിപാടികളും കൗൺസിൽ സംഘടിപ്പിച്ചിരുന്നു. 3000 ത്തിലധികം പേരാണ് പരിശീലന പരിപാടികളിൽ പങ്കെടുത്തത്. തൊഴിൽ അന്വേഷകരായ പൗരൻമാരെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന സമഗ്രമായ ദേശീയ ഗേറ്റ്വേ ആയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമായ നാഫിസ് പ്രവർത്തിക്കുന്നത്.
ജോലി കണ്ടെത്താനും പരിശീലന പരിപാടികളിൽ പങ്കെടുക്കാനും കരിയർ വികസനത്തിനായുള്ള അവസരങ്ങൾ തേടുന്നതിനും നാഫിസ് പൗരൻമാരെ സഹായിക്കുന്നു. നാഫിസ് പ്ലാറ്റ്ഫോം ഉപയോഗിച്ച് സ്വകാര്യ മേഖലയിലെ ഒഴിവുകൾ റിപോർട്ട് ചെയ്യാനും യോഗ്യരായ ഇമാറാത്തി പ്രതിഭകളെ കണ്ടെത്താനും തൊഴിലുടമകൾക്ക് കഴിയും. ഇതുവരെ 80,000 തൊഴിലവസരങ്ങളാണ് നാഫിസ് പ്ലാറ്റ്ഫോമിലൂടെ പ്രസിദ്ധപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.