റാസല്‍ഖൈമ: യു.എ.ഇ പുറം കടലിലെ ഇന്ത്യന്‍ യുവാക്കളുടെ ദുരിത ജീവിതം വിരല്‍ ചൂണ്ടുന്നത് ഈ രംഗത്തെ വന്‍ തൊഴില്‍ തട്ടിപ്പ് മാഫിയകളിലേക്ക്. ഒരു മലയാളി ഉള്‍പ്പെടെ കഴിഞ്ഞ ദിവസം മോചിതരായ 13 ഇന്ത്യന്‍ യുവാക്കളെ കുടാതെ നൂറിലേറെ ഇന്ത്യക്കാര്‍ പുറം കടലില്‍ ദുരിതത്തില്‍ കഴിയുന്നുണ്ടെന്ന് സീ ഗള്‍ഫ് ഷിപ്പിങ് എം.ഡി ജ്യോതി പോള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കപ്പലില്‍ നല്ല ജോലി വാഗ്ദാനം ചെയ്ത് വന്‍ തുക വസൂലാക്കുന്ന സംഘത്തിെൻറ വലയിലകപ്പെടുന്നവരാണ് ഇങ്ങനെ ദുരിതത്തില്‍ കഴിയുന്നത്.
അംഗീകൃത ഏജന്‍സികള്‍ കപ്പല്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സീമെന്‍ വിസയില്‍ പേര് തിരുത്തിയാണ് ഇന്ത്യയില്‍ നിന്ന് തൊഴിലന്വേഷകരെ യു.എ.ഇയില്‍ എത്തിക്കുന്നത്. ഇവര്‍ പലപ്പോഴും യു.എ.ഇ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ പരിശോധനയില്‍ കുടുങ്ങും. സമ്മര്‍ദ്ദം ശക്തമാകുമ്പോള്‍ ഏജൻറുമാര്‍ ഇവരെ സന്ദര്‍ശക വിസയില്‍ പുറത്തിറക്കി ഏതെങ്കിലും കപ്പലില്‍ ജോലിക്കെന്ന പേരില്‍ കയറ്റും.
ഇവര്‍ക്ക് പിന്നെ കരയിലേക്ക് തിരിച്ച് വരാന്‍ കഴിയാറില്ല. സ്ഥിരം തട്ടിപ്പിനായുള്ള ചില കപ്പലുകളിലാണ് നൂറിലേറെ പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതെന്നും ജ്യോതി പോള്‍ തുടര്‍ന്നു. ഇന്ത്യയില്‍ നിന്ന് ആളുകളെ കയറ്റിവിടുന്ന ഏജന്റുമാരെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യു.എ.ഇയിലെ ഷിപ്പിങ് ഏജൻറുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സീമെന്‍സ് വിസകള്‍ നയതന്ത്ര കേന്ദ്രങ്ങള്‍ വഴിയാക്കുന്നതിലൂടെയും വിമാന കമ്പനികള്‍ ഓകെ ടു ബോര്‍ഡ് സംവിധാനം കര്‍ശനമാക്കുന്നതിലൂടെയും മാത്രമേ ഈ മനുഷ്യ കടത്തിന് തടയിടാന്‍ കഴിയുകയുള്ളൂവെന്നും ജ്യോതി പോള്‍ അഭിപ്രായപ്പെട്ടു.
ഇവരുടെ വാക്കുകള്‍ ശരിവെക്കുന്നതാണ് എട്ട് മാസത്തെ കപ്പല്‍ ദുരിത ജീവിതത്തില്‍ നിന്ന് മോചിതനായ പാറശ്ശാല സ്വദേശി സന്തോഷിെൻറയും അനുഭവം.
മറൈന്‍ മെക്കാനിക്കല്‍ ഡിപ്ലോമ കഴിഞ്ഞ താനും സുഹൃത്തുക്കളും സന്തോഷത്തോടെയാണ് ദല്‍ഹിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം കയറിയത്. പണം കൊടുക്കുന്നതിന് മുമ്പ് ഇൻറര്‍നെറ്റിലും മറ്റും നല്ല ഷിപ്പിങ് കമ്പനിയുടെ കപ്പലും വിലാസവുംതങ്ങളെ കാണിച്ചിരുന്നു. ഇത് വിശ്വസിച്ചാണ് 1,40,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഓരോരുത്തരും ഏജൻറിന് കൈമാറിയത്.
പുറം കടലിലെ ‘സീ പട്രോള്’ കപ്പലില്‍ എത്തുമ്പോള്‍ മാത്രമാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യം വന്നതെന്നും സന്തോഷ് തുടര്‍ന്നു.
ഓഷ്യന്‍ പ്രൈഡ്, എം.വി റോക്ക്, അല്‍തവക്കല്‍, എം.വി സാലിം, ഇഞ്ചസ് വണ്‍, ഇഞ്ചസ് ടു തുടങ്ങിയ കപ്പലുകളില്‍ നിന്നും തങ്ങള്‍ക്ക് സഹായഭ്യര്‍ഥനകള്‍ ലഭിച്ചിട്ടുള്ളതായി ദ മിഷന്‍ ടു സീഫെയറേഴ്‌സ് പ്രതിനിധി ഫാ. നെല്‍സണ്‍ പറഞ്ഞു. തൊഴില്‍ പ്രശ്‌നവും ശാരീരികാസ്വസ്ഥ്യവുമാണ് ഇതിലുള്ളവര്‍ അനുഭവിക്കുന്നത്. ഇവരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ശ്രമം തുടരുന്നു.
അംഗീകൃത ഏജന്‍സികളിലൂടെ മാത്രം ജോലിക്ക് ശ്രമിക്കുന്നതിലൂടെയും അധികൃതരുടെ പങ്കാളിത്തത്തോടെയുള്ള കരാര്‍ വ്യവസ്ഥകള്‍ ഉറപ്പാക്കി വിദേശ യാത്രക്ക് ഒരുങ്ങുന്നതിലൂടെയും മാത്രമേ ഇത്തരം ദുരിതങ്ങളില്‍ നിന്ന് മോചിതരാകാന്‍ ജനങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.