ദുബൈ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ജുവൈസയിൽ പണിപൂർത്തിയാക്കിയ ഷാർജ ഇന്ത്യൻ സ്കൂളിൽ ഇൗ മാസം 19 മുതൽ അധ്യയനം ആരംഭിക്കും.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയൻ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ച സ്കൂളിന് എല്ലാ മന്ത്രാലയങ്ങളുടെയും അനുമതിയും ലഭിച്ചതായി അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, ജന.സെക്രട്ടറി ബിജു സോമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗുബൈബ കാമ്പസിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ വിഭാഗം പൂർണമായി പുതിയ കെട്ടിടത്തിലേക്ക് മാറും. ഒന്നു മുതൽ12വരെ ക്ലാസുകളിലായി 5600 കുട്ടികൾക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക.
ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സമ്മാനമായി നൽകിയ ഭൂമിയിൽ 10 ലക്ഷം ചതുരശ്ര അടി സ്ലത്ത് 5.70 കോടി ദിർഹം ചെലവിട്ടാണ് പുതിയ സ്കൂൾ കെട്ടിടം ഉയർത്തിയത്. 160 ക്ലാസ് മുറികൾ, 19 ലാംഗ്വേജ് റൂമുകൾ, 7 സയൻസ് ലാബുകൾ, 7 കമ്പ്യൂട്ടർ ലാബുകൾ, 16 ആക്ടിവിറ്റി റൂമുകൾ, 11 സ്റ്റാഫ് റൂമുകൾ, 4 ക്ലിനിക്കുകൾ, 2 ലൈബ്രറികൾ, മൾട്ടി പർപസ് ഒാഡിറ്റോറിയം തുടങ്ങി വിശാലമായ സൗകര്യമാണ് സ്കൂളിലുള്ളത്. ജുവൈസ സ്കൂൾ പ്രവർത്തനം തുടങ്ങുന്നതോടെ നിലവിെല സ്കൂളിൽ കൂടുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകാനാവും. ആൺകുട്ടികളുടെ സ്കൂളിൽ പ്രവേശനം തുടരുകയാണ്. 19 ന് ജുവൈസ സ്കൂളിൽ ആക്ടിവിറ്റി ഡേ ആചരിക്കും. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ഉദ്ഘാടനം ചെയ്യും. പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങൾക്കായി ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം പണി കഴിപ്പിച്ച സ്കൂളിൽ ഏപ്രിൽ മാസം മുതൽ അധ്യയനം ആരംഭിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.ട്രഷറർ നാരായണൻ നായർ, മാത്യു ജോൺ, എസ്.എം. ജാബിർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.