ഹജ്ജ് ആൻഡ് കോമേഴ്സ് കോൺസൽ സദഫ് ചൗധരി, 2. പുണ്യസ്ഥലങ്ങളിൽ തയാറെടുപ്പുകൾ പരിശോധിക്കുന്നു
മക്ക: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇസ്ലാമികവിശ്വാസികളുടെ പ്രാർത്ഥനകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന പുണ്യഭൂമിയിൽ, ഇത്തവണത്തെ ഇന്ത്യൻ ഹജ്ജ് മിഷന് ചരിത്രപരമായ ഒരു സവിശേഷതയുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഒന്നേമുക്കാൽ ലക്ഷത്തോളം വരുന്ന തീർഥാടകരുടെ ഹജ്ജ് യാത്രയും മറ്റ് സൗകര്യങ്ങളും നിയന്ത്രിക്കാൻ ചരിത്രത്തിലാദ്യമായി ഒരു വനിത ഐ.എഫ്.എസ് ഉദ്യോഗസ്ഥ ചുമതലയേറ്റു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ‘കോൺസൽ ഹജ്ജ് ആൻഡ് കോമേഴ്സ്’ പദവി വഹിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശിനിയായ സദഫ് ചൗധരിയാണ് ഈ വൻ ദൗത്യത്തിന് പിന്നിലെ അമരക്കാരി. ഇന്ത്യൻ ഹജ്ജ് മിഷെൻറ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും ഇന്ത്യൻ ഹജ്ജ് മിഷനും കീഴിലാണ് രാജ്യത്തുനിന്നുള്ള തീർഥാടകരുടെ ഹജ്ജ് ഓപറേഷൻസ് ഏകോപിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ഹാജിമാരുടെ സുരക്ഷ, താമസം, യാത്ര, ഭക്ഷണം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തുക, സൗദി അധികൃതരുമായി നിരന്തരം ഏകോപനം നടത്തുക തുടങ്ങിയ അതീവ ഗുരുതരവും ഭാരിച്ചതുമായ ഉത്തരവാദിത്തങ്ങളാണ് ഹജ്ജ് കോൺസലിനുള്ളത്.
ഹജ്ജ് വേളയിൽ ഉണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും ആയിരക്കണക്കിന് തീർഥാടകരെ നേരിട്ട് ബാധിക്കുമെന്നതിനാൽ മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലെ ഓരോ ഘട്ടവും ഏറെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. ഹജ്ജ് ഓപറേറ്റർമാരെ മുഴുവൻ ഏകോപിപ്പിക്കുന്ന ഈ ദൗത്യം, കഠിനമായ ചൂടിനെപ്പോലും അവഗണിച്ച് തീർഥാടകർക്കിടയിലേക്ക് നേരിട്ടിറങ്ങിയാണ് സദഫ് ചൗധരി വിജയകരമായി നിയന്ത്രിച്ചുവരുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള വലിയൊരു ജനസഞ്ചയത്തെ നിയന്ത്രിക്കേണ്ട ഈ നിർണായക ചുമതലയും തികഞ്ഞ ആത്മവിശ്വാസത്തോടെയും ശാന്തതയോടെയുമാണ് അവർ നിർവഹിക്കുന്നത്. ഉത്തരാഖണ്ഡിലെ റൂർക്കിയിലുള്ള ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് സദഫ് ചൗധരിയുടെ ഈ നേട്ടങ്ങളിലേക്കുള്ള പ്രയാണം. ഗ്രാമീൺ ബാങ്ക് മാനേജരായ പിതാവ് ഇസ്രാർ അഹമ്മദും മാതാവ് ഷഹ്ബാസ് ബാനുവും വിദ്യാഭ്യാസത്തിന് വലിയ മൂല്യം കൽപിച്ചവരായിരുന്നു. തങ്ങളുടെ മൂത്ത മകളുടെ ആഗ്രഹങ്ങൾക്ക് ചിറകുപകരാൻ അവർ എന്നും കൂടെനിന്നു. എൻ.ഐ.ടി ജലന്ധറിൽ നിന്ന് കെമിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ സദഫിന് ഡൽഹിയിലെ ഒരു പ്രമുഖ അമേരിക്കൻ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ചിരുന്നു. എന്നാൽ കോർപറേറ്റ് ജീവിതത്തേക്കാൾ രാജ്യത്തെ പ്രതിനിധീകരിക്കണമെന്ന ആഗ്രഹത്താൽ അവർ ആ ജോലി രാജിവെച്ച് സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു. സിവിൽ സർവിസ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ 23ാം റാങ്ക് നേടിയാണ് സദഫ് ചരിത്രം കുറിച്ചത്. ആ വർഷം മുസ്ലിം സമുദായത്തിൽ നിന്നുള്ള ഏറ്റവും ഉയർന്ന റാങ്കും ഇതായിരുന്നു.
തുടർന്ന് ഇന്ത്യൻ ഫോറിൻ സർവിസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ 2021 ബാച്ചിലാണ് സേവനം ആരംഭിക്കുന്നത്. ഹജ്ജ് കോൺസലായി ചുമതലയേൽക്കുന്നതിന് മുൻപ് ഫ്രാൻസിലെ മാർസെയിലിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ ‘ഹെഡ് ഓഫ് ചാൻസറി’ ആയി അവർ മികച്ച സേവനം അനുഷ്ഠിച്ചിരുന്നു.
അവിടെ അഡ്മിനിസ്ട്രേഷൻ, നയതന്ത്ര ഏകോപനം, ഇന്ത്യൻ പൗരന്മാർക്കുള്ള സേവനങ്ങൾ തുടങ്ങിയ അന്താരാഷ്ട്ര തലത്തിലുള്ള ഉത്തരവാദിത്തങ്ങൾ വിജയകരമായി കൈകാര്യം ചെയ്ത പരിചയസമ്പത്താണ് സദഫ് ചൗധരിയെ ഈ വലിയ ദൗത്യം ഏറ്റെടുക്കാൻ പ്രാപ്തയാക്കിയത്.
അടങ്ങാത്ത നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് വലിയൊരു ദൗത്യത്തിെൻറ അമരത്തെത്തിയ സദഫ് ചൗധരി, വ്യക്തിഗതമായ വിജയത്തിനപ്പുറം ആഗോളതലത്തിൽ ഇന്ത്യയുടെ കരുത്തുറ്റ വേറിട്ട മുഖമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.