മുംബൈയിൽ ഇന്ത്യൻ വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടക്കുമുള്ളവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇ വിദേശവ്യാപാര മന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദി സംസാരിക്കുന്നു
ദുബൈ: യു.എ.ഇ വിദേശവ്യാപാര മന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദി ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. സന്ദർശനത്തിന്‍റെ ഭാഗമായി മുംബൈയിൽ ഇന്ത്യൻ വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലെ വ്യപാര ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇന്ത്യയും യു.എ.ഇയും തമ്മിൽ 2022ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറായ ‘സെപ’യുടെ വിജയം ഇരു മന്ത്രമാരും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
ലോജിസ്റ്റിക്സ്, കൃഷി, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പങ്കാളികളുമായും ബിസിനസ് പ്രമുഖരുമായും ഥാനി ബിൻ അഹമ്മദ് അൽ സയൂദി കൂടിക്കാഴ്ച നടത്തി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ്കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, അസോസിയേറ്ററഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ എന്നിവർ ഒരുക്കിയ ബിസിനസ് റൗണ്ട്ടേബിളിലും മന്ത്രി പങ്കെടുത്തു. സന്ദർശനത്തിന്‍റെ ഭാഗമായി ദുബൈ ജബൽ അലി ഫ്രീ സോണിൽ നിർമിക്കുന്ന 2.7ദശലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന ഭാരത് മാർട്ടിന്‍റെ പുരോഗതിയുമായി ബന്ധപ്പെട്ട അവതരണത്തിലും ഡോ. ഥാനി അൽ സയൂദി പങ്കെടുത്തു. ഇന്ത്യൻ വ്യവസായ, ബിസിനസ് പ്രമുഖരോടൊപ്പം അത്താഴ വിരുന്നും യു.എ.ഇ സംഘത്തിന് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.