അജ്മാനിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരിൽ വർധന

അജ്മാന്‍: അജ്മാന്‍ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഗതാഗത സേവനങ്ങള്‍ കഴിഞ്ഞവര്‍ഷം ഉപയോഗപ്പെടുത്തിയത് രണ്ടുകോടിയിലേറെ പേര്‍. 2021ല്‍ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഗതാഗത സേവനങ്ങളുടെ ആകെ യാത്രക്കാരുടെയും ഗുണഭോക്താക്കളുടെയും എണ്ണം 2.66 കോടി കവിഞ്ഞു.

2020 മുതൽ 30 ശതമാനം വർധിച്ചു. മികച്ച സേവനം നല്‍കാന്‍ കഴിഞ്ഞതാണ് ഈ വളര്‍ച്ചക്ക് കാരണമെന്ന് അജ്മാനിലെ ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് ലൈസൻസിങ്​ ഏജൻസി എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ സമി അലി അൽ ജല്ലാഫ് പറഞ്ഞു. 2021 ഒക്ടോബറിൽ വേൾഡ് എക്‌സ്‌പോ ആരംഭിച്ച ശേഷം 29,183 യാത്രക്കാരെ ആഗോള മേളയായ എക്‌സ്‌പോയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും അതോറിറ്റി വെളിപ്പെടുത്തി. അജ്മാനിൽ പുതുതായി ആരംഭിച്ച ബസ് സ്റ്റേഷനില്‍നിന്ന് സൗജന്യമായാണ് എക്‌സ്‌പോ 2020ലേക്ക് സര്‍വിസ് നടത്തുന്നത്. ഇവിടെ നിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള ബസ് സര്‍വിസും ആരംഭിച്ചിട്ടുണ്ട്. 2021ൽ അജ്മാനിലെ ടാക്‌സികളില്‍ 23,844,255 പേര്‍ യാത്ര ചെയ്തു. മുൻവർഷത്തേക്കാൾ 26 ശതമാനം വർധനവാണിത്.

സമുദ്രഗതാഗതം ഉപയോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. 115,792 യാത്രക്കാർ എത്തിയപ്പോൾ 29 ശതമാനം വർധന രേഖപ്പെടുത്തി.

വിവിധ ഗതാഗത വിഭാഗങ്ങളിലും സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

റൂട്ട് ടാക്സി ആപ്ലിക്കേഷൻ വഴിയോ 600599997 എന്ന നമ്പറിൽ വിളിച്ചോ സ്ത്രീകളുടെ ഗതാഗത സേവനം തേടാം.

Tags:    
News Summary - Increase in the number of people using public transport in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.