യു.ഡി.എഫ് വിജയം ഇൻകാസ് പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ദുബൈ: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നടത്തിയ മുന്നേറ്റം ആഘോഷമാക്കി യു.എ.ഇയിലെ വിവിധ പ്രവാസി സംഘടനകൾ. രാവിലെ കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഇടതു, വലതുസംഘടനകൾ ആവേശപൂർവമാണ് ഓരോ വിജയവും ശ്രവിച്ചത്. ആദ്യ ഫലം പുറത്തുവന്നത് മുതൽ കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ തരംഗമാണെന്ന പ്രതീതി പരന്നിരുന്നു. ഓരോ ഫലപ്രഖ്യാപനവും വാർത്തചാനലുകളിൽ പ്രത്യക്ഷപ്പെടുമ്പോഴും ആരവങ്ങളുമായാണ് പ്രവർത്തകർ വരവേറ്റത്. കെ.എം.സി.സി, ഇൻകാസ്, ഓർമ, എസ്.ഡി.പി.ഐ, കർച്ചറൽ അസോസിയേഷനുകൾ തുടങ്ങിയ കൂട്ടായ്മകൾ വ്യത്യസ്തമായി വിജയാഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. സ്വന്തം വാർഡുകളിലും ഡിവിഷനുകളിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ വിവരങ്ങൾ വാർത്ത ചാനലുകൾക്ക് മുമ്പുതന്നെ വാട്സ്ആപ് ഗ്രൂപ്പുകളിൽ വന്നുതുടങ്ങിയതിനാൽ കറാമ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രവാസികൾ ഒത്തുകൂടി ആഘോഷങ്ങൾക്ക് വട്ടം കൂട്ടി.
തോറ്റവരുടെ രസകരമായ ഇമോജികൾ ഇറങ്ങിയത് ചിരിപടർത്തുന്ന കാഴ്ചയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും മത്സരരംഗത്തുണ്ടായതോടെ പല പ്രവാസികളും വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോയിരുന്നു. സ്വന്തം സ്ഥാനാർഥികളുടെ ഫോട്ടോ ലഗേജിൽ പതിച്ചതും വേറിട്ട കാഴ്ചയായി.
തിരുവനന്തപുരം കോർപറേഷനിൽ എൻ.ഡി.എ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേക്ക് നീങ്ങിയതോടെ ബി.ജെ.പി അനുകൂല സംഘടനകളും ആവേശത്തിലായി. തുടർച്ചയായി രണ്ട് തവണ ഭരിച്ച ഇടതുസർക്കാറിന്റെ അഴിമതിയും സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവുമാണ് ജനം യു.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്യാൻ കാരമെന്ന് വലതുസംഘടനകൾ പ്രസ്താവനയും ഇറക്കി. സർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന വിലയിരുത്തലുമുണ്ടായി. ശബരിമല വിഷയങ്ങൾ വലിയ തോതിൽ ഹിന്ദുവോട്ടുകൾ എൽ.ഡി.എഫിനെതിരെ തിരിയാൻ കാരണമായിട്ടുണ്ട്. അത് ബി.ജെ.പിക്ക് ഗുണം ചെയ്യുകയും ചെയ്തു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ പോലുള്ള വിഷയങ്ങൾ യു.ഡി.എഫിനെ ബാധിച്ചതുമില്ല.
അതേസമയം, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന പ്രവാസികളിൽ ഭൂരിഭാഗം പേർക്കും വോട്ടു രേഖപ്പെടുത്താൻ കഴിയാഞ്ഞതിലുള്ള നിരാശയും പ്രകടമായിരുന്നു. വോട്ടർ പട്ടികയിൽ ചുരുക്കം ചിലർക്ക് മാത്രമാണ് പേര് ചേർക്കാൻ കഴിഞ്ഞത്.
രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ പരമാവധി പേരെ പങ്കെടുപ്പിക്കാനായി കെ.എം.സി.സി ഉൾപ്പെടെയുള്ള സംഘടനകൾ പ്രത്യേക തെരഞ്ഞെടുപ്പ് കൺവൻഷനുകൾ സംഘടിച്ചിരുന്നു. എസ്.ഐ.ആറിലുണ്ടായ ആശങ്കൾ പരിഹരിക്കുന്നതിനുള്ള ഹെൽപ് ഡെസ്കുകൾ സജീവമായിരുന്നെങ്കിലും വലിയ രീതിയിലുള്ള പ്രതികരണം പ്രവാസികളിൽ നിന്ന് ഉണ്ടായില്ലെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫൈനൽ റൗണ്ട് എന്ന നിലയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഗൾഫ് സന്ദർശനവും വലിയ ചർച്ചയായിരുന്നു. കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ അദ്ദേഹം വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയും നൽകിയാണ് മടങ്ങിയത്. എന്നാൽ, കേരളത്തിൽ കൃത്യമായ ഭരണമാറ്റ സൂചനകൾ നൽകുന്ന വിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പുറത്തുവന്നതെന്നാണ് പ്രവാസികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.