ദുബൈ: സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തിൽ ബോധവത്കരണവുമായി പ്രവാസി ലീഗൽ സെൽ. എന്താണ് സുരക്ഷിത കുടിയേറ്റം, വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകളും മറ്റും സംഘടിപ്പിച്ചാണ് പ്രവാസി ലീഗൽ സെൽ ഇടപെടുന്നതെന്ന് ലീഗൽ സെൽ ദുബൈ ചാപ്റ്റർ പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ അറിയിച്ചു.
വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രവാസി ലീഗൽ സെൽ വനിത വിഭാഗം കോഓഡിനേറ്റർ ഹാജിറ വലിയകത്ത് പറഞ്ഞു. തട്ടിപ്പിന് വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു. മേയ് 12ന് ഹാജറാബി വലിയകത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി ശ്രീകുമാർ മേനോൻ ഐ.എഫ്.എസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. എറണാകുളം ജില്ല കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ മുൻ പ്രസിഡന്റുമായ ഡി.ബി. ബിനു മുഖ്യാതിഥിയായിരിക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ക്ലാസുകൾക്ക് നേതൃത്വവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.