അഫ്ഗാനിസ്താനിൽ കഴിഞ്ഞ മാസം ഭൂകമ്പമുണ്ടായപ്പോൾ യു.എ.ഇയുടെ സഹായം എത്തിക്കുന്നു
ദുബൈ: ലോകത്താകമാനം ദുരിതമനുഭവിക്കുന്ന ജീവിതങ്ങളിലേക്ക് കാരുണ്യത്തിന്റെ കരംനീട്ടി ഇമാറാത്ത്. ഭക്ഷണവും വസ്ത്രവും മറ്റ് അടിസ്ഥാന വിഭവങ്ങളുമില്ലാതെ പ്രയാസപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് സാന്ത്വനമാകാൻ 2021തുടക്കം മുതൽ കഴിഞ്ഞ 20 മാസങ്ങളിൽ മാത്രം യു.എ.ഇ ചെലവഴിച്ചത് 1300 കോടി ദിർഹമാണ് (ഏകദേശം 26,000 കോടി രൂപ). ലോക ജീവകാരുണ്യദിനമായ വെള്ളിയാഴ്ച വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് കണക്കുകൾ വെളിപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ സഹായം എത്തിച്ചത് സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന യമനിലാണ്. 116 കോടി ദിർഹമിന്റെ സഹായമാണ് ഇവിടേക്ക് നൽകിയത്. വീടുകൾ, സ്കൂളുകൾ, റോഡുകൾ, വൈദ്യുതി സ്റ്റേഷനുകൾ, കിണർ എന്നിവ നിർമിച്ചുനൽകുന്നതിനാണ് കൂടുതലായി പണം ചെലവഴിച്ചിട്ടുള്ളത്.
പരമ്പരാഗതമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽനിന്ന് മാറി സുസ്ഥിരത ഉറപ്പുവരുത്തുന്ന സഹായങ്ങളാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരിൽ വിവേചനം കാണിക്കാതെയാണ് പദ്ധതികൾ രാജ്യം നടപ്പാക്കുന്നത്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് 450 കോടി ദിർഹമും സാമൂഹിക സേവനങ്ങൾക്ക് 130 കോടിയും വിദ്യാഭ്യാസ പദ്ധതികൾക്ക് 54 കോടിയുമാണ് ചെലവഴിച്ചത്. ഗതാഗത, സംഭരണ മേഖലകൾക്ക് 41 കോടി, സമാധാനത്തിനും സുരക്ഷക്കും സഹായിക്കുന്ന പദ്ധതികൾക്ക് 27 കോടി, ജല-ആരോഗ്യ മേഖലക്ക് 26 കോടി, സിവിൽ സൊസൈറ്റി പദ്ധതികൾക്ക് 22 കോടി, ഊർജ മേഖലക്ക് 21കോടി, കാർഷിക മേഖലക്ക് 18 കോടി എന്നിങ്ങനെയും ചെലവഴിച്ചു.
യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്ട്രം സ്ഥാപിതമായ തത്ത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകനായ ഡോ. അൻവർ ഗർഗാഷ് ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ മുന്നോട്ടുവെച്ച കാഴ്ചപ്പാടിനനുസരിച്ചാണ് രാജ്യം ഇക്കാര്യത്തിൽ മുന്നോട്ടുപോകുന്നതെന്നും ഇത് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ: യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകർക്ക് നന്ദി പറഞ്ഞ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ലോക ജീവകാരുണ്യദിനത്തോടനുബന്ധിച്ച ട്വീറ്റിലാണ് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങുന്നവരെ ഓർമിച്ചത്. 97 രാജ്യങ്ങളിലെ 1,45,000 സന്നദ്ധപ്രവർത്തകർ കഴിഞ്ഞ വർഷം ഒമ്പതു കോടിയിലധികം ഗുണഭോക്താക്കൾക്ക് ഭക്ഷണവും സഹായവും നൽകുന്നതിന് രംഗത്തിറങ്ങിയതായി അദ്ദേഹം പറഞ്ഞു. മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ ഭാഗമായി 2021ൽ 110 കോടി ദിർഹം ചെലവഴിച്ചിട്ടുണ്ട്. ഫൗണ്ടേഷന്റെ വാർഷിക റിപ്പോർട്ടനുസരിച്ച്, കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ഏറ്റവും കൂടുതൽ ഗുണഭോക്താക്കളിൽ എത്താൻ കഴിഞ്ഞ വർഷം സാധിച്ചു. ലോക ജീവകാരുണ്യ പ്രവർത്തന ദിനത്തിൽ ശൈഖ് സായിദ് ബിൻ സുൽത്താനെ സ്മരിക്കുന്നതായും ശൈഖ് മുഹമ്മദ് ട്വീറ്റിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.