അബൂദബി: ഐ.ഐ.ടി ഡല്‍ഹി അബൂദബി കാമ്പസിലേക്കുള്ള എം.ടെക് (എനര്‍ജി ട്രാന്സിഷന് ആന്‍ഡ് സസ്റ്റൈനബിലിറ്റി), പിഎച്ച്.ഡി(എനര്‍ജി ആന്‍ഡ് സസ്റ്റൈനബിലിറ്റി) രണ്ടാം ബാച്ചിലേക്ക് പ്രവേശനം ക്ഷണിച്ചു തുടങ്ങി. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2025 ആഗസ്റ്റിലാണ് ക്ലാസുകള്‍ ആരംഭിക്കുക. 2024 ജനുവരിയിലായിരുന്നു ആദ്യ എം.ടെക് കോഴ്സ് അബൂദബി കാമ്പസിലാരംഭിച്ചത്.
രണ്ടുവര്‍ഷത്തെ എം.ടെക് കോഴ്സിലേക്ക് പുതുതായി ബിരുദം പൂര്‍ത്തിയായവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം.കഴിഞ്ഞവര്‍ഷം ആദ്യമാണ് ലോകത്തിലെ മുന്‍നിര എന്‍ജിനീയറിങ് കോളജുകളില്‍ ഒന്നായ ഐ.ഐ.ടി അബൂദബിയില്‍ ആദ്യ അന്താരാഷ്ട്ര കാമ്പസിന് തുടക്കം കുറിച്ചത്. 20 പേരെ ഉള്‍ക്കൊള്ളിച്ച് മാസ്റ്റേഴ്സ് കോഴ്സാണ് 2024 ജനുവരിയില്‍ അബൂദബി കാമ്പസില്‍ തുടങ്ങിയത്. വൈകാതെ മാസ്റ്റേഴ്സ്, ബാച്ചിലര്‍ കോഴ്സുകളിലായി വിദ്യാര്‍ഥികളുടെ എണ്ണം 80 ആയി ഉയര്‍ത്തുകയും ചെയ്തു. ബിരുദ കോഴ്സില്‍ 13 സ്വദേശികളും ബിരുദാനന്തര ബിരുദ കോഴ്സില്‍ 17 സ്വദേശി വിദ്യാര്‍ഥികളുമാണ് കാമ്പസില്‍ പഠനം തുടരുന്നത്.
ഊര്‍ജ, സുസ്ഥിര രംഗത്ത് പിഎച്ച്.ഡിക്കും കഴിഞ്ഞ മാസം കാമ്പസില്‍ തുടക്കം കുറിച്ചു. മികച്ച കോഴ്സുകളും ഗവേഷണ സൗകര്യവും വാഗ്ദാനം ചെയ്ത് നൂതന ഗവേഷണ രംഗത്തെ ആഗോള ഹബ്ബായി അബൂദബിയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യവും ഐ.ഐ.ടി ഡല്‍ഹി അബൂദബി കാമ്പസ് കൊണ്ട് അധികൃതര്‍ മുന്നോട്ടുവെക്കുന്നുണ്ട്. കാമ്പസില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് ചെയ്യുന്ന ഇമാറാത്തി വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ പ്രതിമാസം 4000 ദിര്‍ഹം സ്റ്റൈപന്‍ഡും ഇതിനു പുറമേ, സൗജന്യ പഠനവുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.