ഷാർജയിൽ ഇഫ്താർ ടെന്‍റുകൾക്ക് അനുവാദം; മാർഗനിർദേശം പുറത്തിറക്കി

ഷാർജ: കോവിഡ് സാഹചര്യത്തിൽ എമിറേറ്റിൽ കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവെച്ചിരുന്ന ഇഫ്താർ ടെന്‍റുകൾ ഇത്തവണയുണ്ടാകും. വിവിധ ഭാഗങ്ങളിലായി തുറക്കുന്ന ടെന്‍റിനകത്ത് പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം ഉറപ്പാക്കണമെന്നും എല്ലാ വശങ്ങളിൽനിന്നും തുറന്നിരിക്കുന്നതോ എയർ കണ്ടീഷൻഡ് ചെയ്തതോ ആയ രൂപത്തിൽ നിർമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഭക്ഷണശാലകളിൽ ഇഫ്താർ പലഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള മാർഗനിദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണശാലകളിൽ അസർ നമസ്കാരത്തിന് ശേഷം ഇഫ്താർ പലഹാരങ്ങളും ഭക്ഷണങ്ങളും പ്രദർശിപ്പിക്കാം. ബേക്കറികളും കഫ്റ്റീരിയകളും മറ്റും നിർബന്ധമായും ഷാർജ മുനിസിപ്പാലിറ്റിയിൽ നിന്നും പെർമിഷൻ എടുത്തിരിക്കണം. മണൽ പ്രദേശമല്ലാത്ത സ്ഥലങ്ങളിൽ നടപ്പാതക്കരികിൽ ഭക്ഷണം പ്രദർശിപ്പിക്കാവുന്നതാണ്.

റമദാനിൽ തറാവീഹ് നമസ്കാരത്തിനായി എത്തുന്നവർക്ക് പള്ളികൾക്ക് സമീപം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രാർഥനാ സമയത്ത് പള്ളികൾക്ക് അടുത്തുള്ള പാർക്കിങ് സ്ഥലങ്ങളിൽ മാത്രമാണ് ഫ്രീ പാർക്കിങ്ങുള്ളത്. മറ്റിടങ്ങളിൽ രാവിലെ 8 മണി മുതൽ അർധരാത്രി വരെ പാർക്കിങ്ങിന് ഫീസ് ഈടാക്കുന്നതാണ്. പാർക്കിങ് സ്ഥലങ്ങളിൽ ഇരട്ട പാർക്കിങ്, അല്ലെങ്കിൽ മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നത് എന്നിങ്ങനെ ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കും. റമദാനിൽ പകൽ സമയത്ത് ഭക്ഷണം നൽകുന്നതിനായി ഭക്ഷണശാലകൾക്ക് പെർമിഷനുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഷോപ്പിങ് മാളുകളിൽ ഉൾപ്പെടെ അനുമതിയുള്ള ഭക്ഷണശാലകളിൽ ഭക്ഷണം നൽകാം. എന്നാൽ, ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയുണ്ടാവില്ല.

Tags:    
News Summary - Iftar tents allowed in Sharjah; Guidance released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.