വാഹനത്തിന്​ തീപിടിച്ച ദൃശ്യം. ദുബൈ പൊലീസ്​ പങ്കുവെച്ചത്​

അറ്റകുറ്റപ്പണി നടത്തിയില്ലേൽ ‘പണി’ കിട്ടും; വാഹനാപകടങ്ങൾ ഒഴിവാക്കാൻ ദുബൈ പൊലീസിന്‍റെ മുന്നറിയിപ്പ്

ദുബൈ: വേനൽച്ചൂട് കനത്ത സാഹചര്യത്തിൽ വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താതെ റോഡിലിറക്കരുതെന്ന് ദുബൈ പൊലീസ്. ചൂട് കൂടിയതിനാലും നിരവധി ആളുകൾ ദീർഘദൂര റോഡ് യാത്രകൾ നടത്താൻ തയാറെടുക്കുന്ന പശ്ചാത്തലത്തിലും ടയറുകൾ കൃത്യമായി പരിശോധിക്കണമെന്നും വാഹനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും റോഡ് ഉപയോക്താക്കൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.

കൃത്യമായ പരിശോധനകൾ നടത്തണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി. അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിൽനിന്ന് വാഹനങ്ങളിൽ അനധികൃതമായി കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് പലപ്പോഴും വാഹനങ്ങൾ കേടാകുന്നതിനും തീപിടിക്കുന്നതിനും കാരണമാകുന്നു. കാലാവധി കഴിഞ്ഞ ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ രാജ്യത്തുടനീളമുള്ള പൊലീസ് അധികാരികൾ ഈ കാലയളവിൽ കർശന പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേനൽക്കാലത്തെ ഉയർന്ന താപനില കണക്കിലെടുത്ത്, ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. തങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ സംരക്ഷിക്കുന്നതിനായി വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം തിരിച്ചറിയുകയും വേണം. 2026ലെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് 3,589 നിയമലംഘനങ്ങൾ ദുബൈ പൊലീസ് രേഖപ്പെടുത്തിയതായി ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ അറിയിച്ചു.

നിയമലംഘനങ്ങൾ

(2026 ജനുവരി-മേയ്​)

  • സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഓടിച്ചത്​ -1,737
  • റോഡിലിറക്കാൻ യോഗ്യമല്ലാത്ത വാഹനങ്ങൾ ഓടിച്ചത്​ -1,026
  • കാലാവധി കഴിഞ്ഞ ടയറുകൾ ഉപയോഗിച്ച് വാഹനം ഓടിച്ചത്​ -826
Tags:    
News Summary - If you don't do the maintenance, you will get 'work'; Dubai Police warns to avoid traffic accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.