ഫാമിലി കെയര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അസ്മ അല്‍ ആസ്മരി സംസാരിക്കുന്നു

അവരെ ജീവിതത്തിലേക്ക് കൈപിടിച്ച് അബൂദബി ‘ഹാഫ് വേ ഹൗസസ്’; 70 ശതമാനം ലഹരിമുക്തര്‍ക്കും ജോലി ഉറപ്പാക്കി

അബൂദബി: ലഹരി വിപത്തില്‍നിന്ന് മോചനം നേടിയ സ്വദേശി യുവാക്കളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് തിരികെക്കൊണ്ടുവരുന്നതിനായി അബൂദബി ഫാമിലി കെയര്‍ അതോറിറ്റി നടപ്പാക്കുന്ന ‘ഹാഫ് വേ ഹൗസസ്’ പദ്ധതി വന്‍ വിജയം. പദ്ധതിക്ക് കീഴില്‍ പുനരധിവാസം പൂര്‍ത്തിയാക്കിയവരില്‍ 70 ശതമാനത്തിലധികം പേര്‍ക്കും സ്ഥിരംജോലി ഉറപ്പാക്കാന്‍ സാധിച്ചതായി ഫാമിലി കെയര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അസ്മ അല്‍ ആസ്മരി വ്യക്തമാക്കി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി അബൂദബി പൊലീസ്, നാഷനല്‍ റീഹാബിലിറ്റേഷന്‍ സെന്‍റര്‍ (എന്‍.ആര്‍.സി), സായിദ് യൂനിവേഴ്‌സിറ്റി എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച സംവാദത്തിലാണ് പദ്ധതിയുടെ സുപ്രധാന നേട്ടങ്ങള്‍ വ്യക്തമാക്കിയത്.

ലഹരി ഉപയോഗത്തില്‍നിന്ന് പൂര്‍ണമായി മോചിതരായവര്‍ വീണ്ടും ആ കെണിയില്‍ വീഴാതിരിക്കാന്‍ തൊഴിലും വരുമാനവും ഉറപ്പാക്കേണ്ടതുണ്ട്. കുടുംബത്തില്‍നിന്ന് തുടങ്ങി തൊഴില്‍ ലഭ്യതയില്‍ അവസാനിക്കുന്ന തരത്തിലാണ് പദ്ധതി. നാഷനല്‍ റീഹാബിലിറ്റേഷന്‍ സെന്‍ററിലെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷമാണ് 18നും 65നും ഇടയില്‍ പ്രായമുള്ള സ്വദേശികളെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. വ്യക്തിഗത കൗണ്‍സിലിങ്, കുടുംബ കൗണ്‍സിലിങ്, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയുള്‍പ്പെടെ 35ലധികം പുനരധിവാസ പരിപാടികളാണ് ‘ഹാഫ് വേ ഹൗസസ്’ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ജയില്‍ ശിക്ഷയേക്കാള്‍ ശാസ്ത്രീയമായ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ലഹരി ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാന്‍ ഫലപ്രദമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.

കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ 10 മുതല്‍ 17 വയസ്സ് വരെയുള്ള പ്രായക്കാരെ കേന്ദ്രീകരിച്ചാണ് അതോറിറ്റിയുടെ ഇപ്പോഴത്തെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍. സമൂഹമാധ്യമങ്ങളിലെ അനിയന്ത്രിതമായ ഇടപെടലുകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നതായും ഇത് നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ നീക്കങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായും അധികൃതര്‍ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തില്‍ സാമൂഹികമായ മാറ്റിനിര്‍ത്തലുകളാണ് ഏറ്റവും വലിയ തടസ്സം. സഹായം തേടുന്നത് ബലഹീനതയല്ല, മറിച്ച് ഒരു വ്യക്തിയുടെ മാനസിക കരുത്താണെന്നും ഔട്ട്‌റീച്ച് ആന്‍ഡ് ഇന്‍റഗ്രേഷന്‍ ഡിവിഷന്‍ മാനേജര്‍ മുന അല്‍ ഹാശിമി ഓര്‍മിപ്പിച്ചു.

Tags:    
News Summary - Abu Dhabi's 'Halfway Houses' help them into life; 70 percent of drug addicts secured jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.