അബൂദബി: സ്വന്തമായി വരുമാനമോ സമ്പാദ്യമോ ഉണ്ടെന്നത് വിവാഹമോചനത്തിന് ശേഷമുള്ള ധനസഹായം നിരസിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് അബൂദബി പരമോന്നത കോടതി വിധി. അബൂദബി സിവില്‍ ഫാമിലി നിയമപ്രകാരം വിദേശ ദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ഭാര്യക്ക് അനുകൂലമായ കീഴ്‌ക്കോടതി വിധി പരമോന്നത കോടതി ശരിവെക്കുകയായിരുന്നു. ഭാര്യക്ക് സ്വന്തമായി ഉയര്‍ന്ന ശമ്പളവും സാമ്പത്തിക ഭദ്രതയുമുണ്ടെന്നും അതിനാല്‍ വിവാഹ മോചനാനന്തര ധനസഹായത്തിന് അവര്‍ക്ക് അര്‍ഹതയില്ലെന്നുമുള്ള മുന്‍ ഭര്‍ത്താവിന്റെ അപ്പീല്‍ തള്ളിയാണ് നിര്‍ണായക ഉത്തരവ്. അബൂദബി സിവില്‍ ഫാമിലി കോടതി മുഖേന വിവാഹമോചിതരായ വിദേശ ദമ്പതികളുടെ കേസിലാണ് വിധി. വിവാഹമോചനത്തിന് പിന്നാലെ സാമ്പത്തിക ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മുന്‍ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഭാര്യ സാമ്പത്തികമായി സ്വയംപര്യാപ്തയാണെന്നും സ്വന്തം വരുമാനമുള്ളതിനാല്‍ ധനസഹായത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം.
എന്നാല്‍, സ്ത്രീക്ക് സ്വന്തമായി വരുമാനമുണ്ടെന്നത് വിവാഹമോചനാനന്തര ധനസഹായത്തിനുള്ള അവകാശത്തെ സ്വയമേവ ഇല്ലാതാക്കുന്നില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ ഒരു കക്ഷിയുടെ വരുമാനം മാത്രം നോക്കാതെ സമഗ്രമായ വിലയിരുത്തല്‍ നടത്തണം. ദാമ്പത്യജീവിതത്തിന്റെ ദൈര്‍ഘ്യം, ഇരുപക്ഷത്തിന്‍റെയും സാമ്പത്തിക നിലവാരം, അവരുടെ ബാധ്യതകള്‍, വിവാഹമോചനം മൂലമുണ്ടാകുന്ന ജീവിതനിലവാരത്തിലെ മാറ്റങ്ങള്‍, വരുമാനത്തിലെ വലിയ അന്തരങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കിലെടുക്കണം. ഇരുവിഭാഗത്തിന്റെയും സാമ്പത്തിക സ്ഥിതിയും വിവാഹമോചനം വരുത്തിവെക്കുന്ന സാമ്പത്തിക ആഘാതവും പരിശോധിക്കാന്‍ നിയമിച്ച സാമ്പത്തിക വിദഗ്ധന്റെ റിപ്പോര്‍ട്ട് ആശ്രയിക്കാന്‍ കീഴ്‌ക്കോടതികള്‍ക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മുന്‍ഭാര്യക്ക് വേണ്ടി ഹാജരായ അമല്‍ അല്‍ റാശിദി ലോയേഴ്‌സിലെ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ഹസന്‍ അല്‍ഹൈസ്, അബൂദബിയിലെ സിവില്‍ ഫാമിലി നിയമപരിധിയില്‍ വരുന്ന വിദേശ ദമ്പതികള്‍ക്ക് വലിയ വ്യക്തത നല്‍കുന്നതാണ് ഈ വിധിയെന്ന് പ്രതികരിച്ചു. വിവാഹമോചനത്തിന് ശേഷം ജോലി ചെയ്യുന്ന പങ്കാളിക്കാണെങ്കിലും സാമ്പത്തിക അസമത്വമോ പ്രയാസമോ നേരിടേണ്ടി വരുന്നുവെന്ന് വ്യക്തമായാല്‍ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.