ദുബൈ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് പാർക്ക് രൂപകൽപന ചെയ്യുന്നതിന് ലോകത്ത് ആദ്യമായി ഒരു മത്സരം പ്രഖ്യാപിച്ച് ദുബൈ. മികച്ച ഡിസൈൻ സമർപ്പിക്കുന്നവർക്ക് ഒരുലക്ഷം ദിർഹമാണ് ഒന്നാം സമ്മാനം. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശപ്രകാരമാണ് ദുബൈ മുനിസിപ്പാലിറ്റി ഈ പദ്ധതി നടപ്പാക്കുന്നത്.
ദുബൈ നഗരത്തിലെ ‘സഫാപാർക്ക് ടു’ എ.ഐ. സഹായത്തോടെ പുനർനിർമിക്കനാണ് ഒരുങ്ങുന്നത്. ആർക്കിടെക്റ്റുകൾ, നഗരാസൂത്രകർ, വിദ്യാർഥികൾ, സാങ്കേതിക വിദഗ്ധർ എന്നിവരിൽനിന്നാണ് ദുബൈ മുനിസിപ്പാലിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ലക്ഷം ദിർഹമിന്‍റെ ഒന്നാം സമ്മാനം ഉൾപ്പെടെ മൊത്തം രണ്ട് ലക്ഷം ദിർഹമിന്‍റെ സമ്മാനങ്ങളാണ് ചലഞ്ചിലെ ജേതാക്കൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം സമ്മാനാർഹർക്ക് 65,000 ദിർഹവും മൂന്നാം സമ്മാനം നേടുന്നവർക്ക് 35,000 ദിർഹവും ലഭിക്കും.
ഭാവിയിലെ പാർക്കുകളുടെയും പൊതുഇടങ്ങളുടെയും നിർമാണത്തിനായി ആധുനിക സാങ്കേതികവിദ്യയും ജനപങ്കാളിത്തവും ഒരുമിപ്പിക്കുകയാണ് ചലഞ്ചിലൂടെ ദുബൈ ലക്ഷ്യമിടുന്നത്. പാർക്ക് രൂപകൽപന ചെയ്യുന്നതിന്‍റെ പ്രാരംഭ ഘട്ടം മുതൽ പരിസ്ഥിതി സൗഹൃദമായ ആസൂത്രണം വരെയുള്ള എല്ലാ കാര്യങ്ങളിലും എ.ഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് മത്സര പരിധിയിൽ വരും. അന്തിമ രൂപകൽപന പൂർണമായും സർഗാത്മകതയിൽ അധിഷ്ഠിതമായിരിക്കും.
നഗരാസൂത്രണ രംഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിക്കുകയാണ് ദുബൈയുടെ ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗാലിത്ത പറഞ്ഞു. എ.ഐ സാങ്കേതികവിദ്യ മനുഷ്യന് പകരമാവുകയല്ല, മറിച്ച് ഡിസൈനർമാർക്ക് കൂടുതൽ മികച്ച തീരുമാനങ്ങൾ എടുക്കാനുള്ള സഹായി മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര വിദഗ്ധരും അടങ്ങുന്ന പാനലാണ് മികച്ച ഡിസൈനുകൾ തിരഞ്ഞെടുക്കുക. തുടർന്ന് പൊതുജനങ്ങളുടെ കൂടി പങ്കാളിത്തത്തോടെയായിരിക്കും അന്തിമ വിജയികളെ പ്രഖ്യാപിക്കുക. 2026 ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് https://aipark.dm.gov.ae/ai-competition എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.