മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ ദുബൈ പൊലീസിന്‍റെ ബോധവത്കരണം

ദുബൈ: നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ദുബൈ പൊലീസിന്‍റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽകരണ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ മേൽനോട്ടത്തിലും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസി. കമാൻഡന്‍റ് മേജർ ജനറൽ ഈദ് മുഹമ്മദ് ബിൻ താനിയുടെ മേൽനോട്ടത്തിലുമാണ് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പരിപാടികൾ അരങ്ങേറിയത്.

‘വിപത്തിനെ നിർമാർജനം ചെയ്യാൻ ഒന്നിച്ച് ഒരുമനസ്സോടെ’ എന്ന മുദ്രാവാക്യവുമായി ദുബൈ ഹിൽസ് മാൾ, അൽ റീഫ് മാൾ, സെഞ്ച്വറി മാൾ, ബുർജുമാൻ സെന്‍റർ, അൽ ഗുറൈർ സെന്‍റർ, സ്റ്റുഡന്‍റ് സമ്മർ കോഴ്സ് വേദി എന്നിവിടങ്ങളിലാണ് പ്രദർശനങ്ങൾ നടന്നത്. മയക്കുമരുന്നിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനും കുട്ടികളെ ലഹരിയിൽനിന്ന് സംരക്ഷിക്കുന്നതിൽ കുടുംബത്തിനുള്ള പങ്ക് ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഈ മാരക വിപത്തിനെതിരെ പ്രതിരോധ മതിലൊരുക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ആന്‍റി നാർക്കോട്ടിക്സ് ജനറൽ ഡിപാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ പറഞ്ഞു. കുട്ടികളുടെ പെരുമാറ്റത്തിലെ അപകടകരമായ മാറ്റങ്ങൾ തിരിച്ചറിയാനും പോസിറ്റീവായ ആശയവിനിമയത്തിലൂടെ അവരെ സംരക്ഷിക്കാനും മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിലാണ് പ്രദർശനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. കുടുംബാംഗങ്ങളുടെ ആദ്യഘട്ടത്തിലുള്ള ഇടപെടലിലൂടെയും നിയമബോധത്തിലൂടെയും മാത്രമേ ലഹരിക്കെതിരെയുള്ള പോരാട്ടം പൂർണ വിജയം കാണൂവെന്ന് ദുബൈ പൊലീസ് ഓർമിപ്പിച്ചു.

Tags:    
News Summary - Dubai Police raises awareness on Anti-Drug Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.