അബൂദബി: സാമൂഹിക വിനോദ മേഖലയിലെ ജനപ്രിയ നാമമായ ഐഡിയക്രേറ്റ് എജുടൈൻമെൻറിെൻറ പ്രഥമ വിദ്യാഭ്യാസ സംരംഭം ഓറഞ്ച് സീഡ്‌സ് നഴ്സറി അബൂദബി മാംഗ്രോവ് വില്ലേജിൽ ആരംഭിക്കുന്നു. ആറ് മാസം മുതൽ നാല് വയസ്സ് വരെ പ്രായമുള്ളള്ള കുട്ടികൾക്കാണ് പ്രവേശനം. നഴ്സറി എന്നതിനപ്പുറം വിവിധ പ്രായത്തിലുള്ള കുട്ടികളുടെ സമഗ്രമായ വികസനത്തിന് പ്രാമുഖ്യം നൽകുന്നുവെന്നതാണ് ‘ഓറഞ്ച് സീഡ്‌സി’െൻറ പ്രത്യേകതയെന്ന് ഐഡിയക്രേറ്റ് സി.ഇ.ഒ ഷിഫ യൂസുഫലി പറഞ്ഞു. വിനോദത്തിലൂടെ വിജ്ഞാനം പകർന്നു നൽകുന്ന ശൈലിയാണ് ഓറഞ്ച് സീഡ്സ് ആവിഷ്കരിച്ചിരിക്കുന്നത്.
കുട്ടികൾക്ക് വീട്ടിൽ ലഭിക്കുന്ന എല്ലാ പരിരക്ഷയും ഉറപ്പുവരുത്തുന്നു. വ്യവസായ പ്രമുഖനായ എം.എ. യൂസുഫലിയുടെ മകൾ ഷിഫ പിതാവിെൻറ പാത പിന്തുടർന്നാണ് ബിസിനസ് രംഗത്തേക്ക് ചുവടുവച്ചത്. കുടുംബത്തിന് ഒന്നടങ്കം വിനോദം പകരുന്ന ഓറഞ്ച് വീൽസിലൂടെയായിരുന്നു തുടക്കം. പിന്നീട് യുവത്വത്തിലേക്ക് കടക്കുന്നവരെ ലക്ഷ്യമിട്ട് ഓറഞ്ച് ഹബും ആരംഭിച്ചു. ഇതിനു ശേഷമാണ് നഴ്സറി മേഖലയിലേക്ക് കടക്കുന്നത്.
ഒരു കുഞ്ഞിെൻറ അമ്മയായതിന് ശേഷമാണ് ഈ രംഗത്ത് പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെട്ടതെന്ന് ഷിഫ യൂസുഫലി പറഞ്ഞു. ലോകോത്തര വിദ്യാഭ്യാസ സ്ഥാപനമെന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമാണ് നഴ്സറി. രാജ്യാന്തര മാനദണ്ഡങ്ങളോടെ വിശാലമായ സ്ഥലത്താണ് നഴ്സറി സ്ഥാപിച്ചിരിക്കുന്നത്. ചെറിയൊരു ഗ്രാമമായി രൂപകൽപന ചെയ്ത നഴ്സറിയിൽ വിവിധ രാജ്യക്കാരായ അധ്യപകരും പരിചാരകരുമുണ്ട്. അറബി, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലുള്ള കോഴ്സുകൾ ഇവിടെ ലഭ്യമാകും. സംഗീതം, യോഗ തുടങ്ങി കുട്ടികളുടെ ശാരീരിക, മാനസിക, വൈജ്ഞാനിക വളർച്ചക്ക് ആവശ്യമായതെല്ലാം ഒരുക്കിയിട്ടുണ്ട്. വൈകാതെ വിവിധ എമിറേറ്റുകളിലായി ഏഴോളം നഴ്സറികൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും ഷിഫ കൂട്ടിച്ചേർത്തു.
ഓറഞ്ച് സീഡ്സ് റീജനൽ ഡയറക്ടർ മറിയം അൽ ഖസബ്, ഡയറക്ടർ ലോറ വില്ലിങ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.