ഷാർജ: മലയാള ചലച്ചിത്ര ലോകത്തെ പ്രതിഭയും കഥാകാരനും നടനുമായ ശ്രീനിവാസന്‍റെ നിര്യാണത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ദുഃഖം രേഖപ്പെടുത്തി. മലയാളിയുടെ സാമൂഹിക ജീവിതത്തെ ആഴത്തിൽ നിരീക്ഷിക്കുകയും ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത മറ്റൊരു കലാകാരൻ ഉണ്ടാവാൻ ഇടയില്ല. മലയാളിയുടെ മധ്യവർഗ ജീവിതത്തിലെ പൊങ്ങച്ചങ്ങളെയും സങ്കീർണതകളെയും തന്മയത്വത്തോടെ ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നടൻ എന്നതിലുപരി, ഉറച്ച നിലപാടുകളുള്ള ഒരു മനുഷ്യനായിരുന്നു ശ്രീനിവാസൻ. തന്‍റെ രാഷ്ട്രീയ-സാമൂഹിക നിരീക്ഷണങ്ങൾ തുറന്നുപറയാൻ അദ്ദേഹം തയാറായിരുന്നു. സാധാരണക്കാരന്‍റെ പക്ഷത്തുനിന്നുകൊണ്ട് വ്യവസ്ഥിതിയിലെ പാളിച്ചകളെ അദ്ദേഹം ചോദ്യം ചെയ്തു.
പ്രകൃതി സൗഹൃദ ജീവിതത്തോടും ജൈവകൃഷിയോടും അദ്ദേഹം പുലർത്തിയിരുന്ന താൽപര്യം വരുംതലമുറക്ക് വലിയൊരു മാതൃകയാണ്. മലയാളി ഇന്നും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല സംഭാഷണങ്ങളും അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്നും പിറന്നതാണ്. ശ്രീനിവാസന്‍റെ വിയോഗം സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ഐ.എസ്.എസ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.