ദുബൈ: മനുഷ്യക്കടത്ത് തടയാൻ നിതാന്ത ജാഗ്രതയുമായി യു.എ.ഇ. ഇരകളെ രക്ഷിക്കുന്നതിെൻറ ഭാഗമായി, രാജ്യത്ത് എത്തിപ്പെടുന്ന കുട്ടികൾക്ക് യൂറോപ്പിലും ആസ്ത്രേലിയയിലും രക്ഷാകേന്ദ്രങ്ങൾ ഒരുക്കുകയാണ് സർക്കാർ. െഎക്യരാഷ്ട്ര സഭയുടേയും കുട്ടികളുടെ പുനരധിവാസത്തിൽ താൽപര്യമുള്ള രാജ്യങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളെ ചൂഷണം ചെയ്യുന്നതും അവഗണിക്കുന്നതും തടയുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അഞ്ചാമത് അറബ് മേഖലാ സമ്മേളനത്തിൽ കുട്ടിക്കടത്തിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസും സാമൂഹിക പ്രവർത്തകരും പങ്കുവെച്ചത്. മസാജ് പാർലറുകൾ, ക്ലബ്ബുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവിടങ്ങളിൽ യുവതികളെയും മറ്റും അവരുടെ താൽപര്യത്തിന് വിരുദ്ധമായി ജോലി ചെയ്യിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചിലരെ അപ്പാർട്ട്മെൻറുകളിൽ പൂട്ടിയിട്ടിരിക്കുന്നതായും മർദ്ദിക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
രക്ഷപ്പെടുത്തിയെടുക്കുന്ന കുട്ടികളെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കാൻ കഴിയില്ലെന്ന് ദുബൈ ഫൗണ്ടേഷൻ ഫോർ വുമൻ ആൻഡ് ചിൽഡ്രൻ ഡയറക്ടർ ഖനിമ അൽ ബഹ്റി പറഞ്ഞു. വീട്ടുകാരും കുട്ടിക്കടത്തിൽ ഉൾപ്പെടുന്നവരായതിനാൽ സുരക്ഷിതമല്ല. കടുത്ത പീഢനങ്ങൾ സഹിക്കേണ്ടിവന്നതിനാൽ രക്ഷപെടുത്തിയവരുടെ മാനസിക നില പോലും തകരാറിലാണ്. വിദേശകാര്യ മന്ത്രാലയത്തിെൻറ കണക്ക് പ്രകാരം കഴിഞ്ഞ വർഷം പിടികൂടിയ മനുഷ്യക്കടത്തുകേസുകളിൽ 34 എണ്ണത്തിൽ സ്ത്രീകളായിരുന്നു ഇര. മൂന്നെണ്ണം കുട്ടികളെ കടത്തിയ കേസുകളാണ്.
106 പേർ അറസ്റ്റിലായി മൂന്ന് പേരെ ജീവപര്യന്തം തടവിലിടുകയും ചെയ്തു. ലൈംഗിക ചൂഷണത്തിന് ഇരയായ കുട്ടികളെയും കൗമാരക്കാരെയും പുനരധിവസിപ്പിക്കുേമ്പാൾ അവരുടെ സംസ്ക്കാരവുമായി ചേർന്നുപോകുന്ന വിധത്തിലുള്ള കുടുംബങ്ങളെയാണ് തെരഞ്ഞെടുക്കാറുള്ളത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ വിദേശത്തേക്കയച്ച കുട്ടികൾ സ്കൂളുകളിൽ പോകുന്നുണ്ടെന്ന് അൽ ബഹ്റി പറഞ്ഞു. പല തവണ വിൽപ്പനക്ക് ഇരയായ കുട്ടികളുടെ കാര്യം പരിതാപകരമാണ്. മാതാപിതാക്കൾ ആരെന്ന് അറിയാൻ പോലും കഴിയാത്ത അവർക്ക് മെച്ചപ്പെട്ട ജീവിതവും അവസരങ്ങളും ലഭ്യമാകുന്ന കുടുംബങ്ങൾ കണ്ടെത്താൻ ഏറെ പ്രയത്നിക്കേണ്ടിവരും.
കുടുംബാംഗങ്ങൾ തന്നെ വിൽപനക്ക് വച്ച കൗമാരക്കാർക്ക് വീടുകളിലേക്ക് തിരിച്ചുപോകാൻ താൽപര്യമില്ലെന്നാണ് സാമൂഹികപ്രവർത്തകരെ അറിയിക്കാറ്. വേശ്യാവൃത്തിയിലേക്ക് വീണ്ടും തള്ളിവിടുമെന്ന ഭയമാണ് കാരണം. ഒളിച്ചോടുന്ന വീട്ടുജോലിക്കാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇത്തരം കേന്ദ്രങ്ങളിൽ എത്തിക്കാറുണ്ട്.യഥാർത്ഥത്തിൽ നൽകുന്നതിലും പത്തിരട്ടിവരെ ശമ്പളം വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്തുകാർ വീട്ടുജോലിക്കാരെ പ്രലോഭിപ്പിക്കുന്നത്. വിദ്യാഭ്യാസം കുറവുള്ള ഇവർ ഇത് വിശ്വസിച്ച് ഇവർക്കൊപ്പം പോവുകയും ഒടുവിൽ പീഢനത്തിന് ഇരയാവുകയുമാണ് പതിവ്. പുനരധിവസിപ്പിക്കുന്നവർക്ക് മെച്ചപ്പെട്ട ജീവിതം കിട്ടുന്നതിനായി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ പരിശീലിപ്പിക്കുന്നുണ്ട്. 137 രാജ്യങ്ങളിൽ നിന്ന് മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് െഎക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
മനുഷ്യക്കടത്തുകാർക്ക് ശിക്ഷയും ഇരകൾക്ക് സഹാനുഭൂതിയും സംരക്ഷണവുമാണ് നൽകേണ്ടതെന്ന് ദുബൈ പൊലീസ് സ്കോളർഷിപ്പ് വിഭാഗം ഉദ്യോഗസ്ഥൻ മൻസൂർ അൽ ബലൂഷി പറഞ്ഞു.ഇരകളായ കുട്ടികൾക്ക് എങ്ങനെയാണ് രക്ഷപെടേണ്ടത് എന്ന് പോലും അറിയില്ല. ക്ലബ്ബുകളിലും പാർട്ടികളിലും നിന്നും തെരുവിൽ നിന്നും വേശ്യാലയങ്ങളിൽ നടത്തുന്ന റെയ്ഡുകളിൽ നിന്നുമാണ് ഇവരെ കണ്ടെത്താറെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിലും മറ്റും ഹെൽപ്ലൈനുകളെക്കുറിച്ചും അബൂദബിയിലും ഷാർജയിലുമുള്ള സംരക്ഷണകേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ് പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.