‘യു.എ.ഇ, സംരംഭകത്വത്തിന്‍റെ ലോക തലസ്ഥാനം’ ദേശീയ കാമ്പയിൻ പ്രഖ്യാപന ചടങ്ങ്
ദുബൈ: യുവസംരംഭകരെ പരിശീലിപ്പിക്കാൻ വൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ‘യു.എ.ഇ, സംരംഭകത്വത്തിന്‍റെ ലോക തലസ്ഥാനം’ തലക്കെട്ടിലാണ് 10,000 യുവ സംരംഭകരെ പരിശീലിപ്പിക്കാൻ പുതിയ ദേശീയ കാമ്പയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചുവർഷത്തിൽ പദ്ധതിയിലൂടെ 30,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നത്. 50ലേറെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ സംരംഭവുമായി സഹകരിക്കും. അതോടൊപ്പം ‘സ്റ്റാർട്അപ് എമിറേറ്റ്സ്’ എന്ന പ്ലാറ്റ്ഫോമും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യം സാക്ഷ്യംവഹിക്കുന്ന സാമ്പത്തിക വളർച്ചയിൽനിന്ന് നേട്ടം കരസ്ഥമാക്കുന്നതിന്‍റെ പ്രധാന്യം സംബന്ധിച്ച് കാമ്പയിൻ അവബോധം വളർത്തുമെന്ന് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു. നമ്മുടെ യുവാക്കൾ അവരുടേതായ കമ്പനികൾ ആരംഭിക്കണം. ഇതുവഴി രാജ്യത്തിന്‍റെ സാമ്പത്തിക വികസനത്തിന് സംഭാവന ചെയ്യാനും ദേശീയ സമ്പദ്വ്യവസ്ഥ ലഭ്യമാക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
കാമ്പയിനിന്‍റെ ഭാഗമായി യു.എ.ഇ മന്ത്രിസഭ പുതിയ നിരവധി സംരംഭങ്ങൾ ആരംഭിക്കും. അതോടൊപ്പം സർക്കാർ സ്ഥാപനങ്ങൾ, കമ്പനികൾ, സ്വകാര്യ മേഖല എന്നിവയോട് പദ്ധതിയുടെ ലക്ഷ്യം നേടുന്നതിന് സജീവമായ പങ്കുവഹിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംരംഭകർക്ക് ആവശ്യമായ കഴിവുകൾ നേടാൻ സഹായിക്കുന്നതിനൊപ്പം സമൂഹത്തിന് സംരംഭകത്വത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി നൽകുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് ഇതിനകം 50ബിസിനസ് ഇൻക്യുബറ്റേറുകൾ(സംരംഭങ്ങൾക്ക് പ്രാഥമിക ഘട്ടത്തിൽ നിർദേശങ്ങളും സഹായങ്ങളും നൽകുന്ന സംവിധാനം) പ്രവർത്തിക്കുന്നുണ്ടെന്നും നിലവിൽ മൊത്ത ആഭ്യന്തര വരുമാനത്തിലെ എണ്ണയിതര മേഖലയുടെ 63ശതമാനവും ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ് സംഭാവന ചെയ്യുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണയും ബിസിനസ് മത്സരക്ഷമതയും കണക്കിലെടുത്താൽ ലോകത്തിലെ ഏറ്റവും മികച്ച 56 സമ്പദ്‌വ്യവസ്ഥകളിൽ യു.എ.ഇയും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.