ഷാർജ: എമിറേറ്റിൽ നടപ്പിലാക്കിയ മൂന്നുദിവസത്തെ വാരാന്ത്യ അവധി സംവിധാനം വിദ്യാർഥികളുടെ പഠനനിലവാരത്തിലും മാനസിക തലത്തിലും ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിച്ചതായി പഠന റിപ്പോർട്ട്. ഷാർജ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ്(എസ്.പി.ഇ.എ) രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി നടത്തിയ വിപുലമായ സർവേയിലാണ് കണ്ടെത്തൽ. 70 വ്യത്യസ്ത രാജ്യക്കാരായ 31,198 വിദ്യാർഥികളുടെ കുടുംബങ്ങളുടെയും 7,000 അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും 127 സ്കൂളുകളുടെയും സഹായത്തോടെയാണ് പഠനം നടത്തിയത്. അക്കാദമിക് നേട്ടം, ഉൽപാദനക്ഷമത, മാനസിക ക്ഷേമം എന്നീ സൂചകങ്ങളിൽ കാര്യമായ മികവ് സർവേയിൽ തെളിഞ്ഞതായി എസ്.പി.ഇ.എ അധ്യക്ഷ ഡോ. മുഹദ്ദിസ അൽ ഹാഷിമി പറഞ്ഞു.
വിദ്യാർഥികളുടെ പഠന നിലവാരത്തിൽ 77 ശതമാനം വർധനവുണ്ടായതാണ് പ്രധാന കണ്ടെത്തൽ. വിദ്യാർഥികളുടെ സാമൂഹിക കഴിവുകളിലും ഇടപെടലുകളിലും 78 ശതമാനം മികവ് വർധിച്ചതായും ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. ആഗോള നിലവാരത്തിന് അനുസൃതമായാണ് സ്കൂൾ സമയത്തിലെ മാറ്റമെന്നും പഠനം വിലയിരുത്തുന്നു. വിദ്യാർഥികളുടെ പ്രശ്നപരിഹാരക്കഴിവ് 74 ശതമാനവും സമയക്രമീകരണത്തിലുള്ള കഴിവ് 73 ശതമാനവും വർധിച്ചതായി പഠനത്തിൽ പറയുന്നു.ഷാർജയിൽ കഴിഞ്ഞ വർഷം ജനുവരി മുതലാണ് പുതിയ പ്രവൃത്തിസമയം നടപ്പിലാക്കിയത്. തിങ്കൾ മുതൽ വ്യാഴം വരെയാണ് നിലവിലെ പ്രവൃത്തി ദിനങ്ങൾ. നേരത്തെ ഞായർ മുതൽ വ്യാഴം വരെയായിരുന്നു പ്രവൃത്തിദിവസങ്ങൾ. യു.എ.ഇയിലെ മറ്റു എമിറേറ്റുകളിൽ പ്രവൃത്തി ദിവസങ്ങൾ തിങ്കൾ മുതൽ വെള്ളിവരെയാക്കിയ സന്ദർഭത്തിലാണ് ഷാർജയും മാറ്റം പ്രഖ്യാപിച്ചത്.
മറ്റു എമിറേറ്റുകളിലെ സ്കൂളുകളിൽ തിങ്കൾ മുതൽ വെള്ളി വരെ പ്രവൃത്തി ദിനങ്ങളാണ്. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ച 12 വരെയാണ് ഇവിടങ്ങളിൽ പ്രവൃത്തി സമയം. എന്നാൽ, എമിറേറ്റിൽ വെള്ളി പൂർണമായും അവധി ദിവസമാണ്. എമിറേറ്റിൽ നാല് ദിവസത്തെ വർക്ക് വീക്ക് നടപ്പിലാക്കിയതിന്റെ ഫലങ്ങളെക്കുറിച്ച് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ നേരത്തെ പഠനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.