കോഴി​ വിലയിൽ കുത്തകവത്കരണം: നടപടിയെടുത്ത്​ അധികൃതർ

ദുബൈ: മേഖലയിലെ അനിശ്ചിതത്വം മുതലെടുത്ത്​ കോഴി ഉത്​പന്നങ്ങളുടെ വിലയിൽ കുത്തകവൽകരണം നടത്തിയ സംഘ​ത്തിനെതിരെ കർശനമായ നടപടിയെടുത്ത്​ സാമ്പത്തിക, ടൂറിസം മന്ത്രാലയം. കോഴി ഉത്​പന്നങ്ങൾക്ക്​ വിപണിയിൽ അമിതമായി വിലവർധിപ്പിക്കാനുള്ള ഗൂഢ ശ്രമങ്ങളാണ്​ അധികൃതർ തടഞ്ഞത്​. നിരവധി പേരടങ്ങുന്ന സംഘമാണ്​ ഇതിന്​ പിന്നിൽ പ്രവർത്തിച്ചിരുന്നതെന്നും ഇവരെ പ്രോസിക്യൂഷന്​ കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

പ്രതിസന്ധി മുതലെടുത്ത്​ യാതൊരു ന്യായീകരണവുമില്ലാത്ത വിധം അകാരണമായി കോഴി ഉത്​പന്നങ്ങളുടെ വില വർധിപ്പിക്കാനുളള ശ്രമമാണ്​ സംഘത്തിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ഉ​പഭോക്​തൃ സംരക്ഷണ നിയമത്തിനും വിപണിയിലെ മത്സരക്ഷമത നിലനിർത്താനുള്ള നിയമത്തിനും എതിരായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്​തമാക്കി. ബന്ധപ്പെട്ട അതോറിറ്റികളുമായി കൈകോർത്ത്​ വിപണി നിരീക്ഷിക്കുന്നതിനായി നടത്തിവരുന്ന കാമ്പയിനിന്‍റെ ഭാഗമായാണ്​ നടപടി.

പാചക എണ്ണ, മുട്ട, പാലുൽപനങ്ങൾ, അരി, പഞ്ചസാര, പയറുവർഗങ്ങൾ, ബ്രഡ്​, ഗോതമ്പ്​ എന്നിവ ഉൾപ്പെടെ ഒമ്പത്​ അവശ്യ സാധനങ്ങൾക്ക്​ വിലവർധിപ്പിക്കണമെങ്കിൽ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ്​ നിയമം. വിപണിയിൽ ന്യായവില നിലനിർത്തുന്നതിനായി നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട്​ നിലവിലുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അന്യായമായി വിലവർധന ശ്രദ്ധയിൽപ്പെട്ടാൽ 8001222 എന്ന നമ്പറിൽ റിപോർട്ട്​ ചെയ്യാം.

Tags:    
News Summary - Monopolization in chicken prices: Authorities take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.