ബാബ്​സ്​ ഹിന്ദു മന്ദിർ തുറക്കുന്നതിനോടനുബന്ധിച്ച നടന്ന ചടങ്ങിൽ വിശ്വാസികൾ യു.എ.ഇ ദേശീയ പതാക ഉയർത്തിക്കാട്ടുന്നു

അബൂദബി ബാപ്സ് ഹിന്ദു മന്ദിര്‍ തുറന്നു

അബൂദബി: യു.എ.ഇയിലെ പ്രമുഖ ഹൈന്ദവ ആരാധനാലയമായ അബൂദബി ബാപ്സ് ഹിന്ദു മന്ദിര്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. ഏപ്രില്‍ 14ന് മന്ദിര്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും, ഞായറാഴ്ച രാവിലെ നടന്ന യു.എ.ഇ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങോടെയാണ് പുനരാരംഭം ആഘോഷിച്ചത്. യു.എ.ഇ ഭരണകൂടത്തോടും ജനങ്ങളോടുമുള്ള നന്ദിയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മന്ദിര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍, പ്രവാസി സംഘടനകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. മന്ദിര്‍ മേധാവി സ്വാമി ബ്രഹ്‌മ വിഹാരി ദാസ്, ഡിപാര്‍ട്ട്മെന്‍റ്​ ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്‍റ്​ (ഡി.സി.ഡി.) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുബാറക് അല്‍ അമേരി, ബ്രിഗേഡിയര്‍ ജനറല്‍ ഹമദ് മുഹമ്മദ് അല്‍ ഹര്‍ജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രാജസ്ഥാന്‍, ഒഡീഷ, ബംഗാളി, മറാത്തി, തെലുങ്ക്, അയ്യപ്പ സമാജങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സാംസ്‌കാരിക സംഘടനകളുടെ പങ്കാളിത്തം ചടങ്ങിനെ ശ്രദ്ധേയമാക്കി. സന്ദര്‍ശകര്‍ യു.എ.ഇ. പതാകയേന്തി ഘോഷയാത്രയായി മന്ദിര്‍ ചുറ്റി ഐക്യം വിളംബരം ചെയ്തു. യാത്ര തടസ്സങ്ങളും മറ്റ് അനിശ്ചിതത്വങ്ങളും നിലനിന്നിരുന്ന സാഹചര്യത്തില്‍, മന്ദിര്‍ താല്‍ക്കാലികമായി അടച്ചിട്ടിരുന്ന സമയത്തും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും വൈദ്യസഹായവും നല്‍കി സേവനരംഗത്ത് സജീവമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാന്‍റെ നേതൃത്വത്തിനും അബൂദബി പൊലിസിന്‍റെയും മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയും പിന്തുണയ്ക്കും സ്വാമി ബ്രഹ്‌മ വിഹാരിദാസ് നന്ദി രേഖപ്പെടുത്തി. പ്രവാസികള്‍ക്ക് ഈ രാജ്യം നല്‍കുന്ന സുരക്ഷിതത്വവും ബഹുമാനവും വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ദിര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക വെബ്സൈറ്റായ mandir.ae സന്ദര്‍ശിച്ച് മാർഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കണം.

Tags:    
News Summary - BAPS Hindu Mandir in Abu Dhabi opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.