അബൂദബിയിൽ 27 തീവ്രവാദികൾ അറസ്​റ്റിൽ

അബൂദബി: ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ അംഗങ്ങളെന്ന്​ സംശയിക്കുന്ന 27 ​പേരെ യു.എ.ഇ ദേശീയ സുരക്ഷ വകുപ്പ്​ (എസ്​.എസ്​.ഡി) അബൂദബിയിൽ അറസ്റ്റു ചെയ്തു. ഇറാനിലെ തീവ്ര ആശയമുള്ള ‘വിലായത്തുൽ ഫകിഹ്​’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്​ അറസ്റ്റിലായത്​.

ആസൂത്രിതമായ ഭീകരവാദ, അട്ടിമറി ശ്രമങ്ങളിലൂടെ രാജ്യത്തിന്‍റെ ദേശീയ ഐക്യം തകർക്കാനും അസ്ഥിരപ്പെടുത്താനുമായിരുന്നു സംഘത്തിന്‍റെ ശ്രമമെന്ന്​ എസ്​.എസ്​.ഡി പ്രസ്താവനയിൽ അറിയിച്ചു. ആഭ്യന്തര സുരക്ഷക്ക്​ ഭീഷണി ഉയർത്തുന്ന തീവ്ര ആശയങ്ങൾ അനുസരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം​. തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക്​ പ്രവേശിക്കുന്നതിനായി രാജ്യത്തിന്​ പുറത്തുള്ള സ്ഥാപനങ്ങളുമായി കൈകോർത്ത്​ ഇവർ രഹസ്യ യോഗങ്ങളിലൂടെ റിക്രൂട്ട്​മെന്‍റും ധനസമാഹരണവും നടത്തിയതായും അന്വേഷണത്തിൽ വ്യക്​തമായിരുന്നു.

ഭീകര സംഘനകളുമായി ചേർന്ന്​ രാജ്യത്തിനകത്തും പുറത്തും രഹസ്യ യോഗങ്ങൾ ചേരുക, വിദേശ സഖ്യങ്ങളുടെ പിന്തുണയോടെ ഇമാറാത്തി യുവാക്കൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, അവരെ ഭീകര സംഘനയിലേക്ക്​ റിക്രൂട്ട്​മെന്‍റ്​ ചെയ്യുക, യു.എ.ഇയുടെ വിദേശ നയത്തിനും ആഭ്യന്തര നടപടികൾക്കും എതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക, രാജ്യത്തെ മോശമായി ചിത്രീകരിക്കുക തുടങ്ങിയവയും സംഘം നടത്തിയിരുന്നതായി​ കണ്ടെത്തിയിട്ടുണ്ടെന്ന്​ എസ്​.എസ്​.ഡി അറിയിച്ചു.

നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച ഫണ്ടുകൾ സംശയകരമായ വിദേശ സ്ഥാപനങ്ങൾക്ക്​ കൈമാറുകയും ചെയ്തിരുന്നു. രഹസ്യ സംഘന രൂപവത്​കരിക്കുക, രാജ്യത്തിനകത്ത്​ അതിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ബാഹ്യശക്​തിളോടുള്ള കൂറും വിശ്വാസ്യതയും പുലർത്തർത്തുക, ദേശീയ സുരക്ഷയും സാമൂഹികമായ സമാധാനവും തകരാറിലാക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്​.

പൊതുസുരക്ഷക്ക്​ ഭീഷണിയാകുന്ന ഏത്​ പ്രവർത്തനങ്ങളേയും ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന്​ ദേശീയ സുരക്ഷ ഡിപാർട്ട്​മെന്‍റ്​ വ്യക്​തമാക്കി. സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ റിപോർട്ട്​ ചെയ്യണമെന്ന്​ പൗരൻമാർ, താമസക്കാർ എന്നിവരോട്​ വകുപ്പ്​ അഭ്യർഥിച്ചു.

Tags:    
News Summary - 27 terrorists arrested in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.