അബൂദബി: യു.എ.ഇ തലസ്ഥാന നഗരിയിലുണ്ടായ ഹൂതി ആക്രമണം ലോക മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൂന്നുപേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങളുടെ സമയക്രമം ഇങ്ങനെ:
- തിങ്കളാഴ്ച രാവിലെ 10 മണി: അബൂദബി നഗരത്തിന് 20 കി.മീറ്റർ പുറത്ത് മുസഫയിൽ അബൂദബി ഓയിൽ കമ്പനി(അഡ്നോക്)യുടെ എണ്ണ സംഭരണ പ്ലാന്റിലും വിമാനത്താവളത്തിലെ പുതുതായി നിർമാണം നടക്കുന്ന സ്ഥലത്തും അഗ്നിബാധ. മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. സ്ഫോടനവും തീപിടിത്തവും കിലോമീറ്ററുകൾ അകലെനിന്ന് കേൾക്കുകയും കാണുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ പലരും പുക ഉയരുന്ന വിഡിയോകൾ പങ്കുവെച്ചു. വിമാനത്താവളത്തിൽ ചെറിയ തീപിടിത്തം മാത്രമാണുണ്ടായത്. പ്രധാന കെട്ടിടത്തിൽ നിന്ന് അകലെയാണ് ഇതുണ്ടായത്.
- രാവിലെ 11: വിമാനത്താവളത്തിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അൽപനേരം സേവനങ്ങളിൽ തടസ്സമുണ്ടായി. ഫ്ലൈറ്റ് റഡാർ 24ലെ ഡേറ്റയനുസരിച്ച് എട്ട് വിമാനങ്ങളെങ്കിലും അബൂദബിക്ക് 100 കി. മീറ്റർ ദൂരത്തിൽ ഹോൾഡിങ് പാറ്റേണിൽ വെച്ചു. ചില വിമാനങ്ങൾ ദുബൈയിലേക്ക് തിരിച്ചുവിടുകയുമുണ്ടായി. കുറച്ച് സമയത്തിനകം സർവിസുകൾ സാധാരണ നിലയിലായതായി ഇത്തിഹാദ് പിന്നീട് വ്യക്തമാക്കി.
- ഉച്ച 1.07: അബൂദബി പൊലീസ് ഇരട്ട അഗ്നിബാധകൾ സ്ഥിരീകരിച്ച് പ്രസ്താവന പുറത്തിറക്കി. ഡ്രോൺ പോലുള്ള പറക്കുന്ന ചെറിയ വസ്തുവാണ് സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഔദ്യോഗിക വാർത്ത ഏജൻസി 'വാം' റിപ്പോർട്ട് ചെയ്തു.
- ഉച്ച 2.56: സംഭവത്തിൽ മുസഫയിൽ മൂന്ന് മരണമെന്ന് പൊലീസ് അധികൃതർ സ്ഥിരീകരിച്ചു. അഗ്നിബാധ നിയന്ത്രണ വിധേയമായതായും അറിയിച്ചു. മരിച്ച രണ്ടുപേർ ഇന്ത്യക്കാരും ഒരാൾ പാകിസ്താനി പൗരനുമാണെന്നും വ്യക്തമാക്കി.
- വൈകുന്നേരം 4.27: മരിച്ചവരിൽ രണ്ടുപേർ ഇന്ത്യക്കാരാണെന്ന് യു.എ.ഇ അധികൃതർ അറിയിച്ചതായി അബൂദബിയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
- രാത്രി 7: മരിച്ചവരും പരിക്കേറ്റവരും അഡ്നോക് ജീവനക്കാരാണെന്ന് കമ്പനി സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
- രാത്രി 8: യു.എ.ഇ പ്രസിഡൻറിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ആക്രമണത്തിനുപിന്നിൽ ഹൂതികളാണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിനെതിരെ ശക്തമായ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.
ചൊവ്വാഴ്ച രാവിലെ10.14: മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ മൃതദേഹങ്ങൾ വൈകാതെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായും അറിയിച്ചു. പരിക്കേറ്റവരിൽ രണ്ടുപേർ ഇന്ത്യക്കാരാണെന്നും പരിക്ക് സാരമുള്ളതല്ലെന്നും ട്വിറ്ററിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.