ദുബൈ: രാജ്യത്ത് പുതുതായി 23,000ത്തിലധികം ഹോട്ടൽ മുറികൾ നിർമിക്കപ്പെടുന്നുണ്ടെന്ന് നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട പഠനം. ഇത് രാജ്യത്ത് വലിയ രീതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. ആകെ നിർമിക്കപ്പെടുന്ന ഹോട്ടൽ സൗകര്യങ്ങളിൽ പകുതിയിലേറെയും ദുബൈയിലാണെന്നും പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ ഹോട്ടൽ മുറികളുടെ എണ്ണം 2,13,928 ആണ്.
2030ഓടെ ഇത് 2,35,674 ആയിത്തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവയിൽ 12,861 മുറികൾ ദുബൈയിൽ നിലവിൽ നിർമാണം നടക്കുന്നവയാണ്. ലോകത്തെ സുപ്രധാന ആഡംബര ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബൈയിൽ പുതുതായി നിർമിക്കപ്പെടുന്ന ഹോട്ടലുകളിൽ മിക്കവയും ഏറ്റവും മികച്ച വിഭാഗത്തിൽ ഉൾപ്പെട്ടതാണ്. മറ്റു എമിറേറ്റുകളിൽ അബൂദബി, ഷാർജ, റാസൽഖൈമ എന്നിവയാണ് ദുബൈക്ക് തൊട്ടുപിന്നിലായുള്ളത്.
ഹോട്ടൽ രംഗത്തെ വികസനം ഹോസ്പിറ്റാലിറ്റി മേഖലയിൽ ആയിരക്കണക്കിന് നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച്, ദുബൈയിലാണ് ഇത് വലിയ സാധ്യതകൾ തുറക്കുക. ഓരോ ആഡംബര ഹോട്ടൽ മുറികളും ശരാശരി 1.5 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ഹൗസ് കീപ്പിങ്, എഫ്.ആൻഡ് ബി സ്റ്റാഫ്, കൺസേർജ്, സ്പാ തുടങ്ങിയ രംഗങ്ങളിലാകും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. ഇത് പ്രകാരം യു.എ.ഇയിൽ വരും വർഷങ്ങളിൽ ഹോസ്പിറ്റാലിറ്റി രംഗത്ത് 34,500 തൊഴിലവസരങ്ങളെങ്കിലും രൂപപ്പെടും.ദുബൈയിൽ വിനോദസഞ്ചാരികളുടെ എണ്ണം വർഷംതോറും വർധിച്ചുവരികയാണ്. ഈവർഷം ആദ്യ പകുതിയിൽ എമിറേറ്റിലെത്തിയത് 98.8 ലക്ഷം അന്താരാഷ്ട്ര സന്ദർശകരാണെന്ന് നേരത്തെ അധികൃതർ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസങ്ങളെ അപേക്ഷിച്ച് ആറ് ശതമാനം വളർച്ചയാണ് സന്ദർശകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1.82 കോടി അന്താരാഷ്ട്ര സന്ദർശകരാണ് എമിറേറ്റിൽ എത്തിച്ചേർന്നിരുന്നത്.
2023ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒമ്പത് ശതമാനം വളർച്ചയായിരുന്നു. കിഴക്കിനും പടിഞ്ഞാറിനുമിടയിലെ ഏറ്റവും സുപ്രധാനമായ പ്രദേശമെന്ന നിലയിലും, എല്ലാ പ്രദേശങ്ങളിൽ നിന്ന് എത്തിച്ചേരാൻ എളുപ്പമുള്ള സ്ഥലമെന്ന നിലയിലും ദുബൈ ഏറെപ്പേരെ ആകർഷിക്കപ്പെടുന്നുണ്ട്. അതോടൊപ്പം ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.