അബൂദബി: രാജ്യത്തെ പ്രധാന വിനോദ സഞ്ചാരയിടമെന്ന നിലയിൽ അൽഐനിന്‍റെ ആകർഷണീയത വർധിപ്പിക്കുന്നതിനായി ഹോട്ടൽ നവീകരണ പദ്ധതി പ്രഖ്യാപിച്ച് അബൂദബിയിലെ സാംസ്കാരിക ടൂറിസം ഡിപാർട്ട്മെന്റ്. ഹോട്ടലുകളിലെ താമസ സൗകര്യങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിലൂടെ അൽഐനിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്തുകയും അതുവഴി ടൂറിസം വികസനം പരിപോഷിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
നവീകരണത്തിന് തെരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഹോട്ടലുകൾക്ക് നിക്ഷേപത്തിൻമേൽ 12 ശതമാനം വരെ മൂലധന ചെലവ് റിബേറ്റ് നൽകും. ബ്രാന്‍റഡ് അല്ലാത്ത ഹോട്ടലുകളെ മികച്ച ബ്രാന്‍റഡ് ഹോട്ടലുകളാക്കി പരിവർത്തിപ്പിക്കുക, സ്റ്റാർ റേറ്റിങ് വർധിപ്പിക്കുക, പൈതൃകമായ സ്വത്തുകൾ പുതുക്കപ്പണിയുക തുടങ്ങിയ നവീകരണണ പ്രവർത്തനങ്ങൾക്ക് അഞ്ച് ശതമാനം പ്രീമിയം റിബേറ്റും അനുവദിക്കും. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷമായിരിക്കും റിബേറ്റുകൾ അനുവദിക്കുകയെന്ന് അബൂദബി സാംസ്കാരിക ടൂറിസം ഡിപാർട്ട്മെന്റ് അധികൃതർ അറിയിച്ചു.
അൽഐനിലെ വിനോദ സഞ്ചാര മേഖലയുടെ അതിവേഗത്തിലുളള വളർച്ചയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വർഷം അൽഐനിൽ എത്തിയത് 4,73,077 വിനോദ സഞ്ചാരികളാണ്. 2024ലിനെ അപേക്ഷിച്ച് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഒമ്പത് ശതമാനമാണ് വർധന. ലഭ്യമായ ഓരോ ഹോട്ടൽ മുറിയുടെയും വരുമാനം 17 ശതമാനം വർധിച്ച് 204 ദിർഹമിലെത്തിയിട്ടുണ്ട്. താമസ നിരക്ക് ഒമ്പത് ശതമാനം വർധിച്ച് 66 ശതമാനമായതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ഹോസ്പിറ്റാലിറ്റി നിലവാരം ഉയർത്തി അൽഐനിന്‍റെ സാംസ്കാരിക അസ്തിത്വം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് പുതിയ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അബൂദബി ഡി.സി.ടി അണ്ടർ സെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹുസനി പറഞ്ഞു. ഹോട്ടലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ സാംസ്കാരികവും സാഹസികവുമായ അനുഭവം തേടുന്ന വലിയ വിഭാഗം സന്ദർശകരെ അൽഐനിലേക്ക് ആകർഷിക്കാനായി രൂപകൽപന ചെയ്തതാണ് പുതിയ പദ്ധതികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട നിരവധി സ്ഥലങ്ങൾ അൽഐനിലുണ്ട്.
മരുപ്പച്ചകൾ, പുരാവസ്തു ഉദ്യാനങ്ങൾ, ചരിത്രപരമായ കോട്ടകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇത് എമിറേറ്റിന്‍റെ സാംസ്കാരിക ടൂറിസം നയത്തിന്‍റെ കേന്ദ്രബിന്ദുവാക്കി അൽഐനിനെ മാറ്റുകയാണ്. കൂടാതെ പ്രകൃതി, പൈതൃകം, ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ടൂറിസം കേന്ദ്രമായും അൽഐൻ മാറിയിരിക്കുന്നു. കുടുംബങ്ങളെയും പ്രാദേശിക സന്ദർശകരെയും സമാധാനവും അനുഭവപരിചയമുള്ളതുമായ യാത്ര ആഗ്രഹിക്കുന്നവരെയും ആകർഷിക്കാൻ അൽഐനിന് കഴിയുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.