ദുബൈ: റമദാനോടനുബന്ധിച്ച അവധി ദിവസങ്ങളിൽ ബീച്ചുകളിൽ ഉല്ലസിക്കാനെത്തുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബൈ നഗരസഭ അറിയിച്ചു. ബീച്ചുകളിലെ സൂചനാ ബോർഡുകളിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കണം. ദുബൈയിലെ എല്ലാ പൊതു ബീച്ചുകളിലും ലൈഫ് ഗാർഡുമാരെ വിന്യസിച്ചിട്ടുണ്ട്. കടലിെൻറ അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഇവർക്ക് രക്ഷാപ്രവർത്തനത്തിൽ പരിശീലനവും നൽകിയിട്ടുണ്ട്.
ഇവരുടെ നിർദേശങ്ങളും സന്ദർശകർ പാലിക്കണം. വലിയ തിരയുള്ളപ്പോഴും പാറക്കെട്ടുകൾക്ക് സമീപവും നീന്തുന്നത് ഒഴിവാക്കണം. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിൽ മാത്രമേ എല്ലാ ബീച്ചുകളിലും നീന്തൽ അനുവദിക്കൂ. ചുവന്ന കൊടി ഉയർത്തിയിരിക്കുന്നയിടങ്ങളിൽ നീന്തുന്നത് അപകടകരമാണ്. മഞ്ഞക്കൊടി അതീവ ശ്രദ്ധ പുലർത്തണമെന്നതിനെ സൂചിപ്പിക്കുന്നു. ഉമ്മു സുഖീം ഒന്ന് ബീച്ച് ഒഴികെയുള്ള ബീച്ചുകളിൽ പകൽ സമയത്ത് മാത്രമേ നീന്താൻ പാടുള്ളൂ.
ഉമ്മു സുഖീമിൽ അർധരാത്രിവരെ നീന്താം. പൊതു ബീച്ചുകളിൽ ഒൻപത് പ്രധാന റെസ്ക്യൂ പ്ലാറ്റ്ഫോമുകളും 21 സബ്-റെസ്ക്യൂ പ്ലാറ്റ്ഫോമുകളുമുണ്ട്. 100 ലൈഫ് ഗാർഡുകൾ, പരിശീലകർ, സൂപ്പർവൈസർമാർ എന്നിവരുടെ സംയോജിത രക്ഷാസംവിധാനവും മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 100 ലേറെ രക്ഷാ സ്ലൈഡുകൾ, ലൈഫ് ജാക്കറ്റുകൾ, മറൈൻ റെസ്ക്യൂ റോബോട്ടുകൾ എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ, അഞ്ച് കടൽ ബൈക്കുകൾ, 10 ബീച്ച് ബൈക്കുകൾ എന്നിവയും നൽകിയിട്ടുണ്ട്.
ഹൃദയമിടിപ്പ് ക്രമീകരിക്കാനുള്ള ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, പ്രാഥമിക രക്ഷാപ്രവർത്തനത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. www.dubaicoast.dm.gov.ae എന്ന വെബ്സൈറ്റിൽ കടലിെൻറ അവസ്ഥയെക്കുറിച്ച് മനസിലാക്കാം. കാറ്റിെൻറ വേഗം മുതൽ തിരയുടെ ശക്തി വരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന അവധി ദിവസങ്ങളിൽ ദിവസം രണ്ട് തവണ വീതം വെബ്സൈറ്റിലെ വിവരങ്ങൾ പുതുക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.