ദുബൈ: യു.എ.ഇയുടെ യശസ്സ് ബഹിരാകാശത്തിനുമപ്പുറമുയർത്തി, വിസ്മയകരമായ ദൗത്യം പൂർത്തീകരിച്ച് നാടണഞ്ഞ വീരപുത്രന് ജന്മനാടൊരുക്കിയത് സ്നേഹവായ്പിൽ പൊതിഞ്ഞ രാജകീയ വരവേൽപ്. ലക്ഷക്കണക്കിന് അറബ് യുവതക്ക് പ്രേരണയും പ്രതീക്ഷയും പകർന്ന് ചരിത്രക്കുതിപ്പ് നടത്തിയ ഹസ്സ അൽ മൻസൂറിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കിയാണ് മാതൃരാജ്യം വരവേറ്റത്. വൈകുന്നേരം 4.40ഓടെ പ്രസിഡൻഷ്യൽ വിമാനത്തിൽ അബൂദബി പ്രസിഡൻഷ്യൽ ടെർമിനലിൽ പറന്നിറങ്ങിയ ഹസ്സയെ, അബൂദബി കിരീടവകാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സാഇദ് വിമാനത്തിെൻറ പടിക്കലെത്തിയാണ് മാതൃരാജ്യത്തേക്ക് സ്വീകരിച്ചാനയിച്ചത്. ഭരണാധികാരിയുടെ അൽ ദഫ്റയിലെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സാഇദ്, അബൂദബി എക്സിക്യുട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഹസ്സ ബിൻ സാഇദ് എന്നിവരും വിമാനത്താവളത്തിലെത്തി ഹസ്സ അൽ മൻസൂറിയെ സ്വീകരിച്ചു.
രാജ്യത്തിെൻറ ദേശീയപതാക അൽ ഫുർസാനിെൻറ സമ്മാനമായി ശൈഖ് മുഹമ്മദ് ബിൻ സാഇദ് ഹസ്സയുടെ തോളിൽ പുതപ്പിച്ചപ്പോൾ അതിരുകളില്ലാത്ത ആഹ്ലാദം ആകാശത്തും അലയടിച്ചു. യു.എ.ഇ എയർഫോഴ്സ് എയ്റോബാറ്റിക് ടീം ചതുർവർണങ്ങളാൽ യു.എ.ഇയുടെ ദേശീയപതാക ആകാശനീലിമയിൽ വരച്ചുചേർത്താണ് രാജ്യം സ്വന്തമാക്കിയ ഐതിഹാസിക നേട്ടത്തെ യു.എ.ഇ ആഘോഷിച്ചത്. വിണ്ണിൽ വിസ്മയങ്ങൾ നിറയുന്നതിനിടെ രാജ്യത്തെ പരമ്പരാഗത നൃത്തമായ അയാലയുടെ ചുവടുകളുമായി മണ്ണിലും ആഘോഷം അത്യാഹ്ലാദത്തിലേക്ക് വഴിമാറി. പുറത്ത് അഭിവാദ്യങ്ങളുമായി രാജ്യത്തെ മന്ത്രിമാരുടെയും പൗരപ്രമുഖരുടെയും നീണ്ട നിര നേരത്തെ നിലയുറപ്പിച്ചിരുന്നു. ഒപ്പം വീരനായകന് സ്വാഗതമോതുന്ന പ്ലക്കാർഡുകളുമായി കുട്ടിക്കൂട്ടം. ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളിൽ ഹസ്സ എന്ന വീരനായകെൻറ ബഹുവർണ ചിത്രങ്ങൾ. വിമാനത്താവളവും പരിസരങ്ങളും ഹസ്സയുടെ ബഹിരാകാശ ദൗത്യത്തിെൻറ ഓരോ നിമിഷവും ആലേഖനം ചെയ്ത വർണചിത്രങ്ങളിൽ നിറഞ്ഞിരുന്നു.
മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ പര്യവേക്ഷകെൻറ വസ്ത്രമണിഞ്ഞ്, തോളിൽ ദേശീയപതാകയുമേന്തി വിമാനത്തിെൻറ ഗോവണിപ്പടിയിൽനിന്ന് തന്നെ സ്വീകരിക്കാനെത്തിയ രാജ്യത്തെ ആയിരക്കണക്കിന് ജനങ്ങളെ ഹസ്സ അഭിവാദ്യം ചെയ്തു. ‘ശൈഖ് സാഇദിെന ഞാൻ കാണുന്നു, നാലു പതിറ്റാണ്ടു പിന്നിട്ട അദ്ദേഹത്തിെൻറ സ്വപ്നം യാഥാർഥ്യമാക്കാനായതിലൂടെ... നിങ്ങളിലോരോരുത്തരിലും ആ മഹാനെ ഞാൻ വീണ്ടും കാണുകയാണ്’ - മാതൃരാജ്യത്ത് തിരികെയെത്തിയപ്പോൾ, നിരനിരയായി സ്ഥാപിച്ച ശൈഖ് സാഇദിെൻറ ബഹുവർണ ചിത്രങ്ങൾ നോക്കി ഹസ്സ ആദ്യമായി നടത്തിയ പ്രതികരണം. ‘ഏറെ അഭിമാനമുണ്ട്, ചരിത്രപരമായ ദൗത്യത്തിൽ രാജ്യത്തെ പ്രതിനിധാനംചെയ്യാൻ എനിക്ക് കഴിഞ്ഞതിൽ. പര്യവേക്ഷണരംഗത്ത് അറബ് ലോകത്തിെൻറ പ്രതീക്ഷയും പ്രത്യാശയും പുതുനാമ്പുകളായി ജ്വലിച്ചുയരുന്നതിെൻറ തുടക്കമാണിത്. അടുത്ത 10-15 വർഷങ്ങൾക്കകം പ്രതീക്ഷാകുതകികളായ നിരവധി ഇമറാത്തികൾ ബഹിരാകാശത്തിലെത്തും, തീർച്ച’ - ആവേശവും ആഹ്ലാദവും മുഖത്ത് പ്രതിഫലിപ്പിച്ച ഹസ്സ കൂട്ടിച്ചേർത്തു.
മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ദേശീയ സ്പേസ് പ്രോഗ്രാം മേധാവികളായ മേജർ അൽ മൻസൂറി, ഡോ. അൽ നെയാദി, സലിം അൽ മര്റി എന്നിവർക്കൊപ്പം പ്രസിഡൻഷ്യൽ ടെർമിനലിൽ ഹസ്സ അൽപസമയം ലോകത്തെ മാധ്യമങ്ങളോട് സംസാരിച്ചു. മന്ത്രിയും അഡ്നോക് ചീഫ് എക്സിക്യൂട്ടിവുമായ ഡോ. സുൽത്താൻ അൽ ജാബിറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രാജ്യത്തിെൻറ പരിച്ഛേദം തന്നെയായിരുന്നു അറബ് ലോകത്തിെൻറ ശാസ്ത്രക്കുതിപ്പുകളിലും പര്യവേക്ഷണ ചരിത്രങ്ങളിലും സ്വർണലിപികളാൽ രേഖപ്പെടുത്തിയ ഐതിഹാസിക മുന്നേറ്റത്തിലെ നായകനെ വരവേൽക്കാനെത്തിയ ജനക്കൂട്ടത്തിലൂടെ ദൃശ്യമായത്. പര്യവേക്ഷകർ ധരിക്കുന്ന നീലനിറത്തിലുള്ള ജംപ്സ്യൂട്ടണിഞ്ഞ് നൂറുകണക്കിന് വിദ്യാർഥികൾ, തങ്ങളുടെ ലക്ഷ്യകേന്ദ്രവും പ്രചോദകനുമായ ബഹിരാകാശ യാത്രികനെ വരവേൽക്കാൻ വഴിയിലുടനീളം അണിനിരന്നിരുന്നു. സെപ്റ്റംബർ 25നായിരുന്നു ഹസ്സ അൽമൻസൂരി ബഹിരാകാശ പര്യവേക്ഷണം നടത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) പോയ ഹസ്സ, വിജയകരമായ പര്യവേക്ഷണത്തിലൂടെ ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിച്ച രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇക്ക് ഇടം നേടിക്കൊടുക്കുകയും ചെയ്തു. എട്ടു ദിവസത്തിനുശേഷം ഒക്ടോബർ മൂന്നിനാണ് ഹസ്സ തിരികെ ഭൂമിയിലെത്തിയത്.
തുടർന്ന് ആരോഗ്യ പരിശോധനകൾക്കായി റഷ്യയിലേക്കാണ് പോയത്. മനുഷ്യശരീരത്തിൽ മൈക്രോഗ്രാവിറ്റിയുടെ പ്രവർത്തനങ്ങൾ നിർണയിക്കുന്ന ശാസ്ത്രീയ പഠനത്തിെൻറ ഭാഗമായിരുന്നു മെഡിക്കൽ പരിശോധനകൾ. പരിശോധനകൾ പൂർത്തിയാക്കിയതോടെ തിരികെ നേരെ ജൻമദേശത്തിെൻറ സ്നേഹത്തിലേക്ക്. ബഹിരാകാശ യാത്രയിൽ ഹസ്സക്ക് പകരക്കാരനായി പരിശീലനം നേടിയിരുന്ന സുൽത്താൻ അൽ നയാദിയും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ചെയർമാൻ ഹമദ് ഉബൈദ് അൽ മൻസൂരി, ഡയറക്ടർ ജനറൽ യൂസുഫ് ഹമദ് അൽ ശൈബാനി എന്നിവരും ഹസ്സക്കൊപ്പം മാതൃരാജ്യത്തെത്തി. റഷ്യൻ കമാൻഡർ അലക്സി ഓവ്ചിനിൻ, അമേരിക്കൻ ബഹിരാകാശ യാത്രികൻ നിക്ക് ഹേഗ് എന്നിവരായിരുന്നു ബഹിരാകാശ കേന്ദ്രത്തിൽനിന്നുള്ള മടക്കയാത്രയിൽ ഹസ്സയുടെ കൂടെയുണ്ടായിരുന്നവർ.
നാലായിരത്തിൽ ഒരുവൻ; നാമ്പിട്ടത് പുതുയുഗത്തിന്
ദുബൈ: നാലായിരം അപേക്ഷകർ. അതിൽതന്നെ നൂറുപേർ മിലിട്ടറിയിൽനിന്ന്. അവരിൽ നിന്നൊരാൾ. ബഹിരാകാശ പര്യവേക്ഷണത്തിൽ സ്വന്തം രാജ്യത്തിെൻറ സ്വപ്നങ്ങൾ വഹിക്കാൻ നിയോഗിക്കപ്പെട്ടവൻ - മേജർ ഹസ്സ അൽ മൻസൂരി, ഒപ്പം, സുൽത്താൻ അൽ നിയാദിയും. ബഹിരാകാശ യാത്രയിൽ ഹസ്സക്ക് പകരക്കാരനാകേണ്ടി വന്നാൽ അതിനുള്ള പരിശീലനം നേടിയത് സുൽത്താൻ അൽ നിയാദിയായിരുന്നു. ഇവരിലായിരുന്നു രാജ്യത്തിെൻറ പ്രതീക്ഷകൾ മുഴുവനും. ഇരുവരും ശൈഖ് മുഹമ്മദ് ബിൻ സായിദിൽനിന്ന് ഏറെ പഠിച്ചവർ. രണ്ടുപേരും മിലിട്ടറി ബിരുദധാരികൾ. ഒടുവിൽ അറബ് ലോകത്തിെൻറ മുഴുവൻ സ്വപ്നങ്ങളും വഹിച്ച് ഹസ്സ തുടക്കമിട്ടതോ, അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് അറബ് ലോകത്തിന് ചരിത്രപ്രധാനമായ പുതുയുഗപ്പിറവിക്കും.
ആകാശത്തും ആഹ്ലാദം അലയടിച്ചു
ദുബൈ: ചരിത്രക്കുതിപ്പിന് ശേഷം യു.എ.ഇയുടെ മണ്ണിൽ ഹസ്സ കാലുകുത്തിയപ്പോൾ അബൂദബിയുടെ ആകാശത്തും ആഹ്ലാദം അലയടിച്ചു. യു.എ.ഇ എയർഫോഴ്സ് എയ്റോബാറ്റിക് ടീം ചതുർവർണങ്ങളാൽ യു.എ.ഇയുടെ ദേശീയപതാക ആകാശനീലിമയിൽ വരച്ചുചേർത്തു. മാസ്മരിക എയർഷോയാണ് രാജ്യം പിന്നിട്ട ചരിത്രമുഹൂർത്തത്തിന് നായകത്വം വഹിച്ച ഹസ്സയെ വരവേൽക്കാനൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.