ശക്തമായ മഴയിൽ വെള്ളം നിറഞ്ഞ ഷാർജയിലെ അൽ നഹ്ദ
ദുബൈ: ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാജ്യവ്യാപകമായി ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ സ്കൂൾ, യൂനിവേഴ്സിറ്റി, നഴ്സറി ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം അനുവദിക്കണമെന്ന് നിർദേശം. സ്വകാര്യ സ്ഥാപനങ്ങൾക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയും (കെ.എച്ച്.ഡി.എ) പൊതു വിദ്യാലയങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പുമാണ് നിർദേശം നൽകിയിരിക്കുന്നത്.
സ്വകാര്യ യൂനിവേഴ്സിറ്റികൾ ഓരോ മേഖലയിലെയും സാഹചര്യങ്ങൾ വിലയിരുത്തി വിദ്യാർഥികളുടെ താൽപര്യങ്ങളും പഠന ആവശ്യങ്ങളും പരിഗണിച്ച് തീരുമാനം എടുക്കണം. അജ്മാൻ വിദ്യാഭ്യാസ അതോറിറ്റി എമിറേറ്റിൽ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പഠനം പ്രഖ്യാപിച്ചിട്ടുണ്ട്. റാസൽഖൈമയിലെ പ്രദേശിക അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയും സർക്കാർ സ്കൂളുകൾക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്താൻ നിർദേശിച്ചിരിക്കുകയാണ്.
അടിയന്തര സാഹചര്യം വിലയിരുത്താൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തുടർച്ചയായി യോഗം ചേരുന്നുണ്ട്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ ചില മേഖലകളിൽ മിന്നലോട് കൂടിയ മഴക്കും ആലിപ്പഴ വീഴ്ചക്കും സാധ്യത ഉണ്ടെന്ന് നേരത്തെ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അതേസമയം. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അതോറിറ്റി വ്യക്തമാക്കി. കാലാവസ്ഥ മാറ്റങ്ങൾ നേരിടാൻ രാജ്യം സുസജ്ജമാണെന്നും എൻ.സി.ഇ.എം അറിയിച്ചു. ശക്തമായ മഴക്ക് സാധ്യതയുള്ള മേഖലകളിൽ അതോറിറ്റി പുറപ്പെടുവിക്കുന്ന സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്ന് ജനങ്ങളോട് അധികാരികൾ നിർദേശിച്ചു. വാഹനങ്ങൾ ജാഗ്രത പുലർത്തണം.
ജല കനാലുകൾ, വെള്ളപ്പൊക്കം സാധ്യതയുള്ള വഴികൾ, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം. ചില സ്കൂളുകൾ ഈ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ച ചില ഇന്റേണൽ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ദുബൈ, അബൂദബി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വാഹനങ്ങളുടെ വേഗപരിധി പൊലീസ് കുറച്ചിട്ടുണ്ട്. കച്ചകളിൽ വാഹനങ്ങൾ നിർത്തരുതെന്ന് പൊലീസ് മുന്നറിയിപ്പുണ്ട്. മഴയെ തുടർന്ന് ഷാർജയിൽ പാർക്കുകൾ താൽക്കാലികമായി അടച്ചു. വാദിയിൽ കുളിക്കുന്നതിനും വാഹനങ്ങളുമായി വാദികൾക്ക് സമീപം നിൽക്കുന്നതിനും നിരോധനമുണ്ട്.
ദുബൈ: രാജ്യത്ത് അസ്ഥിര കാലാവസ്ഥ പ്രവചിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച ദുബൈയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം ജോലിസ്ഥലങ്ങളിൽ നിർബന്ധമായും സാന്നിധ്യം ആവശ്യമുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.