ആരോഗ്യ മേഖല: കുതിപ്പിന്‍റെ വഴിയിൽ ദുബൈ

ദുബൈ: ആരോഗ്യ മേഖലയിൽ ദുബൈ കുതിപ്പിന്‍റെ പാതയിൽ. 1943ൽ ഒരു ആരോഗ്യ കേന്ദ്രം മാത്രമുണ്ടായിരുന്ന ദുബൈ ഇപ്പോൾ 4219 ലൈസൻസ്ഡ് ആരോഗ്യ സംവിധാനങ്ങളുള്ള നഗരമായി മാറി. ഇതിൽ 54 ആശുപത്രികളും 58 ശസ്ത്രക്രിയ കേന്ദ്രങ്ങളും ഉൾപ്പെടുന്നു. ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

1943ൽ അൽ റാസിൽ ചെറിയൊരു ആരോഗ്യ കേന്ദ്രം മാത്രമാണുണ്ടായിരുന്നത്. ഇവിടെ നിന്നാണ് ആരോഗ്യരംഗം കുതിപ്പ് തുടങ്ങിയത്. നിലവിൽ 51,764 ലൈസൻസ്ഡ് ആരോഗ്യ പ്രവർത്തകർ ദുബൈയിലുണ്ട്. 120ഓളം രാജ്യങ്ങളിലുള്ളവർ ഈ മേഖലയിൽ ജോലിചെയ്യുന്നു.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിൽ 2007 ജൂണിലാണ് ദുബൈ ഹെൽത്ത് അതോറിറ്റി സ്ഥാപിച്ചത്. അതുവരെ 1972ൽ സ്ഥാപിച്ച ഹെൽത്ത് ആൻഡ് മെഡിക്കൽ സർവിസ് ആയിരുന്നു ദുബൈയിലെ ആരോഗ്യമേഖല കൈകാര്യം ചെയ്തിരുന്നത്. ഡി.എച്ച്.എ സ്ഥാപിച്ചതിനുപിന്നാലെ ആരോഗ്യ മേഖലയിൽ വൻ കുതിപ്പാണുണ്ടായത്. ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസ് കൊടുക്കുന്നതുൾപ്പെടെ ഡി.എച്ച്.എയാണ്. കോവിഡ് കാലത്ത് പ്രവാസികൾക്കുൾപ്പെടെ ആശ്വാസകരമായിരുന്നു നടപടികൾ. വാക്സിനേഷനും ക്വാറന്‍റീനുമെല്ലാം ഏർപ്പെടുത്തിയിരുന്നു. നൂതന ശസ്ത്രക്രിയകൾ ഉൾപ്പെടെ നടക്കുന്നുണ്ട്. മികച്ചചികിത്സ ദുബൈയിൽ ലഭ്യമാക്കുന്നതിൽ ഡി.എച്ച്.എയുടെ പങ്ക് ചെറുതല്ല. 

Tags:    
News Summary - Health sector: Dubai on the rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.