ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി നടത്തിയ അലുമ്നി സമ്മിറ്റിൽനിന്ന്
അജ്മാൻ: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് യു.എ.ഇയിലെ പ്രമുഖ സ്ഥാപനമായ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. തുംബെ മെഡിസിറ്റിയിൽ നടന്ന അലുമ്നി സമ്മിറ്റിൽ ലോകമെമ്പാടുമുള്ള 5000ത്തിലധികം പൂർവവിദ്യാർഥികൾ പങ്കെടുത്തു. ആഗോളതലത്തിൽ യൂനിവേഴ്സിറ്റിയുടെ വിപുലമായ സാന്നിധ്യവും പൂർവവിദ്യാർഥി ശൃംഖലയുടെ വളരുന്ന സ്വാധീനവുമാണ് അലുമ്നി സമ്മിറ്റിലെ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് വൈസ് ചാൻസലർ പ്രഫ. മന്ദ വെങ്കിട്ടരമണ പറഞ്ഞു.
സഹകരണം, രക്ഷാകർതൃത്വം, അന്താരാഷ്ട്ര ഇടപെടൽ എന്നിവ ശക്തിപ്പെടുത്തുന്നതിനും ബിരുദാനന്തരവും പൂർവ വിദ്യാർഥികൾ പരസ്പരം ബന്ധം നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ജി.എം.യുവിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് അലുമ്നി സമ്മിറ്റ്. 27 വർഷം പൂർത്തിയാക്കുന്ന ജി.എം.യുവിന്‍റെ സ്മരണകൾ അടയാളപ്പെടുത്തുന്ന ‘27 ജി.എം.യു ഐക്കൺ ബുക്ക്’ പ്രകാശനം ചടങ്ങിൽ നടന്നു. വൈദ്യശാസ്ത്രം, ഗവേഷണം, പൊതുജനാരോഗ്യം, സംരംഭകത്വം, സാമൂഹിക സ്വാധീനം എന്നിവയിൽ മികവ് പുലർത്തിയ വിശിഷ്ട പൂർവ വിദ്യാർഥികളെ ആദരിച്ചു.
യു.കെ, യു.എ.ഇ, ഇന്ത്യ, ജർമനി, ബഹ്റൈൻ, പോളണ്ട് എന്നിവിടങ്ങളിൽ സജീവമായി നിലനിൽക്കുന്ന അന്താരാഷ്ട്ര അലുമ്നിയുടെ ആഗോള വിപുലീകരണം ജി.എം.യു അധികൃതരും അലുമ്നി അസോസിയേഷനും ചേർന്ന് പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സംഭാവന അർപ്പിച്ച് വിവിധ ചാപ്റ്റർ തലവന്മാർ, പാനലിസ്റ്റുകൾ, വളർന്നുവരുന്ന അലുമ്നികൾ എന്നിവർക്ക് മെമന്‍റോ സമ്മാനിച്ചു. ജി.എം.യു അലുമ്നി അസോസിയേഷൻ ബോർഡ് പ്രസിഡന്‍റ് ഡോ. ഉമർ നബി ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.